മുല്ലപ്പെരിയാറില്‍ മരംമുറിക്കുള്ള ഫയല്‍ നീക്കം തുടങ്ങിയത് അഞ്ച് മാസം മുമ്പേ

തിരുവന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപമുള്ള മരം മുറി സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞില്ലെന്ന മന്ത്രിമാരുടെ വാദങ്ങള്‍ തെറ്റെന്ന് കുടുതല്‍ വ്യക്തമാവുന്നു. മരം മുറിക്കാനുള്ള അനുമതി നല്‍കാനുള്ള നീക്കത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് പുതിയ രേഖകള്‍ വ്യക്തമാക്കുന്നത്.

ഇ ഫയല്‍ രേഖകള്‍ പ്രകാരം മരം മുറിക്കാനുള്ള ഫയല്‍ സെക്രട്ടേറിയേറ്റില്‍ രൂപം കൊണ്ട് അഞ്ചു മാസമായെന്നാണ് വ്യക്തമാവുന്നത്. തമിഴ്‌നാടിന്റെ അപേക്ഷയില്‍ ജല വിഭവ വകുപ്പും വനം വകുപ്പും ഇ ഫയല്‍ പരിഗണിച്ചതായും തെളിവുകള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇത് സംബന്ധിച്ച ഫയല്‍ വനം വകുപ്പില്‍ നിന്നും ജലവിഭവ വകുപ്പിലെത്തിയത് എന്നും വ്യക്തമാവുന്നതോടെ പൊളിയുന്നത് വിവാദത്തിന് പിന്നാലെ മന്ത്രിമാര്‍ നടത്തിയ ആക്ഷേപങ്ങളാണ്.

അതിനിടെ, മുല്ലപ്പെരിയാറിലെ മരം മുറി അനുമതിക്ക് ജലവിഭവ വകുപ്പ് നടത്തിയ നീക്കങ്ങള്‍ എണ്ണിപ്പറഞ്ഞ് വിവാദത്തില്‍ നടപടി നേരിട്ട ബെന്നിച്ചന്‍ തോമസ് രംഗത്ത് എത്തി. സര്‍ക്കാരിന് നല്‍കിയ വിശദീകരണ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങള്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചിരുന്നുവെന്ന് ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിന് നല്‍കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ വാദങ്ങള്‍ കൂടുതല്‍ ദുര്‍ബലമാക്കുന്നതാണ് രേഖകള്‍ സഹിതമുള്ള വിശദീകരണ കുറുപ്പ്.

മരം മുറി, ഡാം സൈറ്റിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് വിളിച്ചതായി ബെന്നിച്ചന്‍ തോമസ് പറയുന്ന മൂന്നു യോഗങ്ങള്‍.

ആദ്യയോഗം: സെപ്തംബര്‍ 15 ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍. രണ്ടാം യോഗം17 ന് സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലെ കോണ്‍ഫറന്‍സ് ഹാളില്‍. അന്തര്‍ സംസ്ഥാന സെക്രട്ടറി തല ഉദ്യോഗസ്ഥരുടെ യോഗമായിരുന്നു ഇത്. ടി കെ ജോസ് തന്നെയായിരുന്നു ആ യോഗത്തിന്റെയും അധ്യക്ഷന്‍. ഈ യോഗത്തിലാണ് മരം മുറക്കാന്‍ അനുമതി നല്‍കാനുള്ള ധാരണ രൂപം കൊണ്ടതെന്നാണ് വിവരം.

പിന്നീട് ഒക്ടോബര് 26 ന് ടി കെ ജോസ് തന്നെ ഫോണില്‍ വിളിച്ചെന്നും സുപ്രിംകോടതിയിലെ വാദത്തില്‍ വനംവകുപ്പ് മരം മുറിക്കാനുള്ള അനുമതി നല്‍കാത്തതില്‍ തമിഴ്‌നാട് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും അറിയിച്ചതായി ബെന്നിച്ചന്‍ തോമസ് പറയുന്നു.

നിയമപരമായി അനുവദിക്കാമെങ്കില്‍ മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി വേഗത്തിലാക്കാന്‍ അഭ്യര്‍ഥിച്ചെന്നുമാണ് വാദം. തുടര്‍ന്ന് നവംബര്‍ ഒന്നിന് താനും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി അദ്ദേഹത്തിന്റെ ചേംബറില്‍ കൂടിക്കാഴ്ച നടത്തിയെന്നും ബെന്നിച്ചന്‍ അവകാശപ്പെടുന്നു.അപ്പോഴും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മരം വെട്ടേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിക്കുകയും അതുകാരണം സുപ്രിംകോടതയിലെ കേസില്‍ ശരിയായി വാദിക്കാന്‍ കഴിയുമെന്ന് അറിയിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ നിലനില്‍ക്കെ തന്നെ വള്ളക്കടവില്‍ നിന്ന് ഡാമിലേക്കുള്ള റോഡ് നിര്‍മാണത്തിന് അനുമതി ലഭിച്ചാല്‍ മാത്രമേ നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ തമിഴ്‌നാടിന് കഴിയൂ എന്നും വിശദീകരണത്തില്‍ ബെന്നിച്ചന്‍ തോമസ് പറയുന്നു.

 

 

Top