Work on Vizhinjam port going ahead, says Karan Adani after meeting c m pinarai vijayan

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് സര്‍ക്കാരുമായി ഇനി തുടര്‍ചര്‍ച്ചകളില്ലെന്ന് അദാനി പോര്‍ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും ഗൗതം അദാനിയുടെ മകനുമായ കരണ്‍ അദാനി പറഞ്ഞു. പദ്ധതി നടപ്പാക്കല്‍ മാത്രമാണ് മുന്നിലുള്ളത്.

സമയബന്ധിതമായി തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കും. അതിനിടയില്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും ആഴ്ചയിലൊരിക്കല്‍ ഏകോപനയോഗം ചേരും. പ്രാദേശികമായുള്ള തടസ്സങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കരണ്‍ അദാനി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെയും തുറമുറഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെയും സന്ദര്‍ശിച്ച കരണ്‍ പദ്ധതിയില്‍നിന്ന് ഒരു കാരണവശാലും പിന്മാറില്ലെന്ന് അറിയിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി പൂര്‍ത്തീകരിക്കുമെന്നത് കേരളത്തിനു നല്‍കിയ ഉറപ്പാണെന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി മുന്നോട്ടു പോവുന്നുണ്ട്. ഓരോ ഘട്ടവും സമയത്തുതന്നെ പൂര്‍ത്തിയാക്കും. സര്‍ക്കാരുമായി സഹകരിച്ചു തന്നെയാവും നിര്‍മാണം മുന്നോട്ടു കൊണ്ടുപോവുക.

പ്രഖ്യാപിച്ചതു പോലെ ആയിരം ദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. എല്ലാ സംവിധാനങ്ങളും നല്ല രീതിയില്‍ ഏകോപിപ്പിച്ചു മുന്നോട്ടുപോവുമെന്ന് മുഖ്യമന്ത്രിയെ കണ്ടിറങ്ങിയ കരണ്‍ അദാനി മാധ്യമങ്ങളോടു പറഞ്ഞു.

ഇന്നലെയാണ് കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചത്.

Top