ഇടുക്കി: ഇടുക്കി ശാന്തന്‍പാറക്ക് സമീപം ചൂണ്ടലില്‍ തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടന്മേട് കടശ്ശിക്കടവ് സ്വദേശി മണി ആണ് മരിച്ചത്. മണിയുടെ നെറ്റിയില്‍ കമ്പുകൊണ്ടുള്ള അടിയേറ്റ മുറിവുണ്ട്. കൊലപാതകണമാണെന്നാണ് പൊലീസിന്റെ നിഗമം. മണിക്കൊപ്പം താമസിച്ചിരുന്നയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
മണിയോടൊപ്പം താമസിച്ചിരുന്ന എട്ടാം മൈല്‍ പാമ്പുപാറ സ്വദേശി പ്രകാശാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം. പത്തു ദിവസം മുമ്പാണ് ഇരുവരും ചൂണ്ടലില്‍ കാളിയപ്പന്‍ എന്നയാളുടെ ഏലത്തോട്ടത്തില്‍ മരച്ചില്ലകള്‍ വെട്ടാനെത്തിയത്. തോട്ടം ഉടമയുടെ ഒഴിഞ്ഞ വീട്ടിലായിരുന്നു മണിയും പ്രകാശും താമസിച്ചിരുന്നത്. രാവിലെ ഉടമ ഇവരെ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിനുള്ളില്‍ മണി മരിച്ചു കിടക്കുന്നത് കണ്ടത്.
നെറ്റിയില്‍ മുറിവേറ്റ പാടുളളതിനാല്‍ കൊലപാതകമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കേസിലെ പ്രതിയായ പ്രകാശിനും പരുക്കേറ്റതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
രാവിലെ ഇയാള്‍ സ്വദേശത്ത് അയല്‍വാസിയുടെ വീട്ടിലെത്തിയിരുന്നു. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ദ്ധരും സയന്റിഫിക് സംഘവുമെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ കൊവിഡ് പരിശോധന നടത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.