ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ വനിതയായി. ലോക അത്‌ലറ്റിക് മീറ്റ് 100 മീറ്ററില്‍ ഷെല്ലി ജേതാവായി.
10.71 സെക്കന്റില്‍ നൂറ് മീറ്റര്‍ ട്രാക്ക് താണ്ടി മുപ്പത്തിരണ്ടുകാരിയായ ജമൈക്കക്കാരി ലോകത്തിന്റെ പുതിയ വേഗറാണിയായി. സെമിയില്‍ 10.81 സെക്കന്റും ആദ്യ റൌണ്ടില്‍ 10.80 സെക്കന്റുമായിരുന്നു ഫ്രേസര്‍ കുറിച്ച സമയം. തന്റെ എട്ടാം ലോക കിരീടം സ്വന്തമാക്കിയ ആന്‍ഫ്രേസര്‍ ഇതോടെ നൂറ് മീറ്ററില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ വനിതാതാരവുമായി.
ബ്രിട്ടന്റെ ദിന ആഷര്‍ സ്മിത്തിനാണ് വെള്ളി. 10.83 സെക്കന്റില്‍ ഓടിയെത്തിയ ദിന ഏറ്റവും വേഗതയേറിയ ബ്രിട്ടീഷുകാരിയെന്ന ബഹുമതിയും സ്വന്തമാക്കി. നിലവിലെ രണ്ടാം സ്ഥാനക്കാരിയായിരുന്ന ഐവറികോസ്റ്റിന്റെ മരിയ ഹോസെ ടാലൂവിനാണ് വെങ്കലം. 10.90 സെക്കന്റിലാണ് മരിയ ഓടിയെത്തിയത്. അതേസമയം ജമൈക്കയുടെ മറ്റൊരു സ്വര്‍ണ പ്രതീക്ഷയായിരുന്ന നിലവിലെ ഒളിമ്പിക് മെഡല്‍ ജേത്രി എലൈന്‍ തോംസണ്‍ നാലാം സ്ഥാനത്തേക്ക് പോയി.