ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് വെങ്കലം. സെമിയിൽ മലേഷ്യൻ സഖ്യത്തോട് തോറ്റു. സ്കോർ: 20-22, 21-18, 21-16.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് മെഡലാണിത്. പുരുഷ ഡബിൾസ് സെമിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ജോഡി എന്ന നേട്ടത്തില്‍ ചിരാഗ് ഷെട്ടിയും സാത്വിക്‌രാജ് രങ്കിറെഡ്ഡിയും നേരത്തെ ഇടംപിടിച്ചിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിലെ ഡബിള്‍സ് വിഭാഗത്തില്‍ ജ്വാല ഗുട്ടയ്‌ക്കും അശ്വിനി പൊന്നപ്പയ്‌ക്കും ശേഷം ഒരു ഇന്ത്യന്‍ സഖ്യം മെഡല്‍ നേടുന്നത് ഇതാദ്യമാണ്. 2011ല്‍ വനിതാ ഡബിള്‍സില്‍ ഇരുവരും വെങ്കലം നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ 13-ാം മെഡല്‍ കൂടിയാണിത്.
ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയുടെ ജൈത്രയാത്രക്ക് ഇന്നലെ അന്ത്യമായിരുന്നു. ക്വാർട്ടറിൽ ചൈനയുടെ ജുൻപെങ്ങിനോട് മലയാളി താരം പൊരുതി തോറ്റു. 21-19, 6-21, 18-21 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ തോല്‍വി. രണ്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം കെന്റോ മൊമോട്ടയെ അട്ടിമറിച്ച് കുതിച്ച എച്ച് എസ് പ്രണോയി പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ ലക്ഷ്യാ സെന്നിനെ വീഴ്ത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്.