ചൈനയിലെ നാന്‍ജിംഗില്‍ ഇന്ന് തുടക്കം കുറിച്ച ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് കടന്ന് ഇന്ത്യന്‍ താരങ്ങള്‍. അശ്വനി പൊന്നപ്പ, സാത്വിക് സായി രാജ്, സൗരഭ് ശര്‍മ്മ, അനൗഷ്‌ക പരീഖ്, എച്ച് എസ് പ്രണോയ്, സമീര്‍ വര്‍മ്മ എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടിലേക്ക് കടന്ന താരങ്ങള്‍.
മിക്‌സഡ് ഡബിള്‍സ് വിഭാഗത്തിലാണ് അശ്വനി പൊന്നപ്പ- സാത്വിക് സായി രാജ്, സൗരഭ് ശര്‍മ്മ- അനൗഷ്‌ക പരീഖ് എന്നിവര്‍ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ ആണ് പ്രണോയുടെയും സമീര്‍ വര്‍മയുടെയും ജയം.
അശ്വിനി-സാത്വിക് കൂട്ടുകെട്ട് ഡെന്മാര്‍ക്ക് താരങ്ങളെ തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടിലേക്ക് എത്തിയത്. സ്‌കോര്‍ 21-9, 22-20. നൈജീരിയന്‍ താരങ്ങളെ തോല്‍പ്പിച്ചാണ് സൗരഭ്-അനൗഷ്‌ക കൂട്ടുകെട്ട് വിജയിച്ചത്. സ്‌കോര്‍ 21-13. 21-12.
ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയെ നേരിട്ടുള്ള ഗെയിമുകളിലാണ് സമീര്‍ വര്‍മ്മയുടെ ജയം സ്‌കോര്‍ 21-13, 21-10. ലിന്‍ ഡാന്‍ ആണ് സമീറിന്റെ അടുത്ത എതിരാളി.
ന്യൂസിലാന്റ് താരമായ അഭിനവ് മനോട്ടയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് പ്രണോയ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍ : 21-12, 21-11. ജൂലൈ 30 ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 5നാണ് അവസാനിക്കുന്നത്.
നാല് തവണ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയെങ്കിലും ഇതുവരെ ഒരു ഇന്ത്യന്‍ താരം കിരീടം നേടിയിട്ടില്ല.