ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനും എച്ച്.എസ് പ്രണോയിക്കും മുന്നേറ്റം.
ഇന്‍ഡോനീഷ്യന്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ വിജയത്തോടെ 51603 പോയിന്റുമായി ശ്രീകാന്ത് 11-ാം റാങ്കിലെത്തി. രണ്ടു തവണ ലോക ഒന്നാം നമ്പര്‍ താരമായ സണ്‍ വാന്‍ ഹോയെ അട്ടിമറിക്കാന്‍ കഴിഞ്ഞത് ശ്രീകാന്തിന്റെ വിജയത്തിന് കൂടുതല്‍ കരുത്തേകിയിരുന്നു.
മലയാളി താരം എച്ച്.എസ് പ്രണോയ് 21-ാം റാങ്കിലാണ് എത്തിയിരിക്കുന്നത്. ലോക ചാമ്പ്യനായ ചെന്‍ ലോങ്ങിനെയും മുന്‍ ലോക ഒന്നാം നമ്പര്‍ താരം ലീ ചോങ് വെയിയെയും പ്രണോയ് അട്ടിമറിച്ചിരുന്നു.
15, 16 സ്ഥാനങ്ങളില്‍ നിന്ന് അജയ് ജയറാമും സായ് പ്രണീതും രണ്ട് സ്ഥാനം പിന്നിലായി. ഒരു റാങ്ക് പിന്നോട്ടു പോയി സൈന നെഹ്‌വാള്‍ 16ാം സ്ഥാനത്തും പി.വി സിന്ധു നാലാം റാങ്കിലുമാണ്.