അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്ഘടന 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ലോക ബാങ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നേടുമെന്ന് ലോക ബാങ്ക്. അടുത്ത സാമ്പത്തിക വര്‍ഷം 7.3 ശതമാനവും, 2019-20 ഓടെ ഇത് 7.5 ശതമാനമായി വളരുമെന്നും ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം അവസാനിക്കുന്ന നടപ്പുസാമ്പത്തിക വര്‍ഷം 6.7 ശതമാനമാണ് വളര്‍ച്ചാലക്ഷ്യം.

വായ്പ, നിക്ഷേപം എന്നീ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം കയറ്റുമതി കൂടുതല്‍ മത്സരക്ഷമമാകണമെന്നും നോട്ടുനിരോധനം, ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) എന്നിവ മൂലമുണ്ടായ മാന്ദ്യത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ്ഘടന തിരിച്ചുകയറുമെന്നും 7.5 ശതമാനത്തിനടുത്ത് വളര്‍ച്ചയില്‍ സ്ഥിരത കൈവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് റിപ്പോര്‍ട്ട് പ്രകാരം നടപ്പ് വര്‍ഷം 6.6% വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 2017 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.6 ശതമാനമായിരിക്കുമെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സ്ഥാനത്താണ് ലോക ബാങ്ക് 6.7 ശതമാനം വളര്‍ച്ച ലക്ഷ്യം വയ്ക്കുന്നത്.

Top