ലോകബാങ്ക് സംഘത്തിന്റെ പര്യടനം തുടരുന്നു, ഇന്ന് ഇടുക്കി സന്ദര്‍ശിക്കും

ഇടുക്കി: പ്രളയക്കെടുതി വിലയിരുത്താനെത്തിയ ലോകബാങ്ക് സംഘത്തിന്റെ പര്യടനം ഇന്നും തുടരും. ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളും ചെറുതോണി പാലവും സംഘം സന്ദര്‍ശിക്കും. ലോകബാങ്കില്‍ നിന്നുള്ള 10 പ്രതിനിധികളും ഏഷ്യന്‍ വികസന ബാങ്കില്‍ നിന്നുള്ള ഒരാളുമാണ് സംഘത്തിലുള്ളത്.

ജില്ലാ കളക്ടര്‍, റവന്യു-വനം വകുപ്പ് അധികൃതരും സംഘത്തിനൊപ്പം ഉണ്ടാകും. ഓരോ വിഭാഗത്തിലെയും വിദഗ്ധരാണ് സംഘത്തിലുള്ളത്. കേരളത്തിലെ വിവിധ അധികൃതര്‍ വിവരങ്ങള്‍ സംഘത്തിന് കൈമാറുന്നുണ്ട്. കൃഷി, ജലസേചനം, ദേശീയ പാത വികസനം തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്നതാണ് സംഘം. അടിമാലി, കൊരങ്ങാട്ടി തുടങ്ങിയ ഇടങ്ങളില്‍ കഴിഞ്ഞ ദിവസം ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നു.

പഠനത്തിന് ശേഷം ഈ മാസം 20ന് സംസ്ഥാന സര്‍ക്കാരിന് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വായ്പയുടെ കാര്യം തീരുമാനിക്കുക.

Top