കൊച്ചി : പ്രളയം നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ലോക ബാങ്ക് സംഘം ഇന്ന് വീണ്ടും കേരളത്തില്‍ എത്തും. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് സന്ദര്‍ശനം നടത്തുക.
മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇവരുടെ സന്ദര്‍ശനം. സീനിയര്‍ റൂറല്‍ ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, ക്ലൈമറ്റ് റിസ്‌ക് മാനേജ്മെന്റ് കണ്‍സല്‍ട്ടന്റ്, എന്‍വയോണ്‍മെന്റല്‍ കണ്‍സല്‍ട്ടന്റ്, ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, അര്‍ബന്‍ കണ്‍സല്‍ട്ടന്റ്, വാട്ടര്‍ കണ്‍സല്‍ട്ടന്റ്, ഹൈവേ എന്‍ജിനിയര്‍ കണ്‍സല്‍ട്ടന്റ്, സോഷ്യല്‍ ഡെവലപ്മെന്റ് കണ്‍സല്‍ട്ടന്റ്, വാട്ടര്‍, സാനിട്ടേഷന്‍ സ്പെഷ്യലിസ്റ്റ് എന്നീ വിഭാഗങ്ങള്‍ അടങ്ങിയ സംഘമാണ് എത്തുന്നത്.
പത്തംഗ സംഘം ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലും, പത്തംഗ സംഘം ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലും, എട്ടംഗ സംഘം കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. അതത് ജില്ലകളിലെ ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചായിരിക്കും സംഘം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടാകും.
പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സംഘം 19ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് പ്രളയമേഖലകള്‍ സന്ദര്‍ശിച്ച സംഘം നാശനഷ്ടത്തിന്റെ വ്യാപ്തിയും അനുവദിക്കേണ്ട വായ്പാ തുക സംബന്ധിച്ച പ്രാഥമിക കണക്കുകളും തയ്യാറാക്കും.