കുല്‍ഭൂഷണ്‍ കേസ്: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി മാനിക്കുന്നുവെന്ന് പാക്കിസ്ഥാന്‍

Kulbhushan-Jadhav

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി അംഗീകരിക്കുന്നുവെന്ന് പാക്കിസ്ഥാന്‍. വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞിരുന്നു. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നും പാക്കിസ്ഥാനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു.

ഇന്ത്യക്കുവേണ്ടി ബലൂചിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവൃത്തിയും നടത്തിയെന്നാരോപിച്ച് 2017 ഏപ്രിലിലാണ് പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. തുടര്‍ന്ന്, വധശിക്ഷ അസാധുവാക്കി കുല്‍ഭൂഷനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു.

കോടതി വധശിക്ഷ തടഞ്ഞു. ശിക്ഷനടപടി രാജ്യാന്തര ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ വാദിച്ചു. കുല്‍ഭൂഷന് കോണ്‍സുലര്‍ സഹായം നിഷേധിക്കുന്ന പാക്ക് നടപടി വിയന്ന കണ്‍വെന്‍ഷന്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

വ്യാപാര ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാക്കിസ്ഥാന്‍ ബലൂചിസ്താനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യയുടെ വാദം. 2016 മാര്‍ച്ച് മൂന്നിനാണ് കുല്‍ഭൂഷണ്‍ പിടിയിലായത്.

Top