ഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ വേദിയാകുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. നവംബര്‍ 19ന് ഫൈനല്‍ മത്സരവും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. നവംബര്‍ 15നും 16നും മുംബൈയിലും കൊല്‍ക്കത്തയിലുമായാണ് സെമി ഫൈനലുകള്‍. 2019 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും.
10 ടീമുകളാണ് ലോകകപ്പിനുള്ളത്. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ആസ്‌ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ‘ബിഗ് മാച്ച്’ എന്നറിയപ്പെടുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഒക്ടോബര്‍ 15ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. 48 മത്സരങ്ങള്‍ ആകെ 10 വേദികളിലായി നടക്കും. അതേസമയം, തിരുവനന്തപുരത്ത് മത്സരമുണ്ടാകില്ല. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ നേരത്തെ പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി.
ഡല്‍ഹി, ധരംശാല, ലഖ്‌നോ, അഹമ്മദാബാദ്, കൊല്‍ക്കത്ത, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. തിരുവനന്തപുരത്തും ഗുവാഹത്തിയിലും സന്നാഹ മത്സരങ്ങള്‍ നടക്കും.