ലോകകപ്പ് 2023; ഹര്‍ദിക് പാണ്ഡ്യക്ക് പകരം കെ.എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റന്‍ ആകും – ബിസിസിഐ

ണങ്കാലിന് പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയതിനെ തുടര്‍ന്ന് ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി കെഎല്‍ രാഹുലിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നിയമിച്ചു. പരിക്കേറ്റതിനെ തുടര്‍ന്ന് ലോകകപ്പിലെ മത്സരങ്ങള്‍ പാണ്ഡ്യയ്ക്ക് നഷ്ടമാകും. ടൂര്‍ണമെന്റിന്റെ ബാക്കി മത്സരങ്ങളില്‍ നിന്ന് പാണ്ഡ്യ പുറത്തായതോടെ, സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി രാഹുലിനെ വൈസ് ക്യാപ്റ്റന്‍ ആയി നിയമിക്കുകയായിരുന്നു.

പേസര്‍ പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ പൂനെയില്‍ നടന്ന മത്സരത്തിനിടെ പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും എതിരായ ഇന്ത്യയുടെ മത്സരങ്ങള്‍ നഷ്ടമായിരുന്നു. കാല്‍ക്കുഴയ്ക്കേറ്റ പരുക്കില്‍ നിന്ന് മുക്തനാവാത്തതാണ് പാണ്ഡ്യക്ക് തിരിച്ചടിയായത്.

സെമി ഫൈനലിന് മുമ്പായി ഹാര്‍ദിക് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, സെമി ഫൈനലിന് ഒരുങ്ങുന്ന ടീം ഇന്ത്യയെ സംബന്ധിച്ചടുത്തോളം കനത്ത പ്രഹരമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം. ഞായറാഴ്ച ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത ലോകകപ്പ് മത്സരം. സെമി ബെര്‍ത്ത് ഉറപ്പിച്ച സാഹചര്യത്തില്‍ ഇന്ത്യയെ സംബന്ധിച്ചടുത്തോളം മത്സരഫലം നിര്‍ണായകമല്ല.

Top