ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ കൊഹ്ലി നയിക്കും;ടീമില്‍ ദിനേശ് കാര്‍ത്തിക്കും

world cup team

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വീരാട് കൊഹ്ലി ക്യാപ്റ്റനും രോഹിത് ശര്‍മ്മ വൈസ് ക്യാപ്റ്റനായും 15 അംഗ ടീമിനെ നയിക്കും. ഋഷഭ് പന്തും അമ്പാട്ടി റായിഡുവും പുറത്തായി. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. ടീമില്‍ മൂന്ന് വീതം സ്പിന്നര്‍മാരും പേസര്‍മാരും ഉണ്ടാകും.

റിസര്‍വ് ഓപ്പണറായി കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടര്‍മാരായി വിജയ് ശങ്കറും ഹര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചു. അതേസമയം ടീമില്‍ ഇടം സംശയത്തിലായിരുന്ന രവീന്ദ്ര ജഡേജ, ലോകേഷ്, എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ്.

മുന്‍ ഇന്ത്യന്‍ താരം കൂടിയായ എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. സരണ്‍ദീപ് സിങ്, ദെബാങ് ഗാന്ധി, ജതിന്‍ പരാഞ്ജ്‌പെ, ഗഗന്‍ കോഡ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

ഏറെക്കാലമായി ഇന്ത്യന്‍ ടീമിനെ കുഴക്കിയിരുന്ന നാലാം നമ്പര്‍ ബാറ്റിങ് പൊസിഷനിലേക്കു പരിഗണിച്ചിരുന്ന താരങ്ങളാണ് ഋഷഭ് പന്തും അമ്പാട്ടി റായുഡുവും. ഇടയ്ക്ക് റായുഡു ഈ സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരുന്നെങ്കിലും പിന്നീട് ഫോം നഷ്ടമായി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായി റായുഡുവിന് ഇതുവരെ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. മറുവശത്ത് ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍, അനുഭവസമ്പത്തിന്റെ കാര്യത്തില്‍ ദിനേശ് കാര്‍ത്തിക്കാണ് മുന്നില്‍. ഇക്കാര്യം പരിഗണിച്ചാണ് കാര്‍ത്തിക്കിന് ഞറുക്കു വീണത്.

ഇന്ത്യന്‍ ടീം:

വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ

Top