മോസ്‌കോ: ഗ്രൂപ്പ് ജിയിലെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാവും. ലോകകപ്പിലെ കറുത്ത കുതിരകള്‍ ആവുമെന്ന് പ്രതീക്ഷിക്കുന്ന ബെല്‍ജിയം പനാമയെ നേരിട്ടു കൊണ്ടായിരിക്കും മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ 43 ഗോളുകള്‍ അടിച്ചുകൂടിയ ബെല്‍ജിയം ആണ് യൂറോപ്പില്‍ നിന്നും ആദ്യം ലോകകപ്പ് യോഗ്യത നേടിയത്.
പ്രതിരോധ നിര താരങ്ങളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോമ്പനിയും ബാഴ്‌സലോണയുടെ വെര്‍മാലിനും ഇല്ലാതെയാവും ബെല്‍ജിയം ടീം ഇറങ്ങുക. എന്നാല്‍ അവസാന സന്നാഹ മത്സരത്തില്‍ പരിക്ക് മൂലം വിഷമിച്ച ഹസാര്‍ഡ് തിരിച്ചെത്തുന്നത് റോബര്‍ട്ടോ മാര്‍ട്ടിനെസിന് ആശ്വാസകരമാവും. കഴിഞ്ഞ 19 മത്സരങ്ങളിലും തോല്‍വി അറിയാതെ വരുന്ന ടീമാണ് ബെല്‍ജിയം.
തങ്ങളുടെ ആദ്യ ലോകകപ്പിനാണ് പനാമ ഇറങ്ങുന്നത്. ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലാന്‍ഡ്, നോര്‍വേ ടീമുകളോട് തോറ്റാണ് പനാമ ലോകകപ്പ് കളിയ്ക്കാന്‍ എത്തുന്നത്.
ഇതാദ്യമായാണ് ബെല്‍ജിയം പനാമയെ നേരിടുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് മത്സരം.