ഓസ്ട്രേലിയയുമായി അവസാനം നടന്ന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നുവെങ്കിലും വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ജേതാക്കളാവാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ്. എന്നാല്‍ ആതിഥേയരായ ഇംഗ്ലണ്ടും ചിരവൈരികളായ പാക്കിസ്ഥാനും ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്നാണ് താരം പറയുന്നത്. കാരണം ഒരുപിടി മികച്ച കളിക്കാര്‍ ഇരു ടീമുകളിലുമുണ്ടെന്നതാണെന്നും കുല്‍ദീപ് ചൂണ്ടിക്കാട്ടി.
ലോകകിരീടം ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള ശേഷി ഇപ്പോഴത്തെ ടീമിനുണ്ട്. ഇന്ത്യ മാത്രമല്ല ടൂര്‍ണമെന്റിലെ മറ്റു ടീമുകളും ശക്തരാണ്. മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ശക്തമായ ബാറ്റിങ് ലൈനപ്പുള്ളവരാണ് ഇംഗ്ലണ്ട്. മാത്രമല്ല അവര്‍ സ്വന്തം നാട്ടില്‍ തന്നെയാണ് കളിക്കുന്നത്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ പാകിസ്ഥാനും ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനുള്ള സാധ്യത കൂടുതലാണെന്നും കുല്‍ദീപ് വിലയിരുത്തി. ഇന്ത്യയെ കൂടാതെ ഇംഗ്ലണ്ടും പാക്കിസ്ഥാനുമാണ് ലോകകപ്പിലെ ശ്രദ്ധിക്കേണ്ട ടീമുകളെന്നും താരം പറഞ്ഞു.
വിജയത്തോടെ ഏകദിന ലോകകപ്പിനു തയ്യാറെടുക്കുകയെന്ന ഇന്ത്യയുടെ മോഹം ഓസ്ട്രേലിയ അവസാനിപ്പിച്ചിരുന്നു. ഓസീസിനെതിരായ ടി20, ഏകദിന പരമ്പരകളില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് വിരാട് കൊഹ്ലിയും സംഘവും ഏറ്റുവാങ്ങിയത്. രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ 0-2നും അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 2-3 നുമാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്.