ഏകദിന ലോകകപ്പ് : ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് 283 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് 283 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ജോ റൂട്ടിന്റെ (77) ഇന്നിംഗ്‌സാണ് തുണയായത്. മൂന്ന് വിക്കറ്റ് നേടിയ മാറ്റ് ഹെന്റി, രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജോസ് ബട്‌ലര്‍ (43), ജോണി ബെയര്‍സ്‌റ്റോ (33) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഡേവിഡ് മലാന്‍ (11) – ബെയര്‍സ്‌റ്റോ സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മലാനെ പുറത്താക്കി മാറ്റ് ഹെന്റി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. 13-ാം ഓവറില്‍ ബെയര്‍സ്‌റ്റോയെ മിച്ചല്‍ സാന്റ്‌നര്‍ പുറത്താക്കി. ഹാരി ബ്രൂക്ക് (25) ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും രജിന്‍ രവീന്ദ്ര വിക്കറ്റെടുത്തു. മൊയീന്‍ അലിക്കും (11) അധികം ആയുസുണ്ടായിരുന്നില്ല. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ബട്‌ലര്‍ – റൂട്ട് സഖ്യമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 70 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബട്‌ലറെ ഹെന്റി മടക്കി.

തുടര്‍ന്നെത്തിയ ലിയാം ലിവിംഗ്‌സറ്റണ്‍ (20), സാം കറന്‍ (14), ക്രിസ് വോക്‌സ് (11) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. ഇതിനിടെ റൂട്ടിനെ ഫിലിപ്‌സ് ബൗള്‍ഡാക്കി. 86 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും നാല് ഫോറും നേടിയിരുന്നു. അവസാന വിക്കറ്റില്‍ ആദില്‍ റഷീദ് (15) – മാര്‍ക് വുഡ് (13) സഖ്യമാണ് മാന്യമായ സ്‌കോറിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്. ട്രന്റ് ബോള്‍ട്ട്, രവീന്ദ്ര എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

Top