ലിസ്ബണ്‍ : ഇറ്റലിയുടെ വഴിമുടക്കിയ നോര്‍ത്ത് മാസിഡോണിയന്‍ സംഘം ഇന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മുന്നില്‍. യൂറോപ്പിലെ ലോകകപ്പ് പ്ലേ ഓഫ് ഫൈനലില്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ നേരിടുകയാണ് മാസിഡോണിയ. സെമിയില്‍ തുര്‍ക്കിയെ 3-1ന് തകര്‍ത്തുവന്ന പോര്‍ച്ചുഗലിന് ഒരു ജയം കിട്ടിയാല്‍ ഖത്തറിലേക്ക് പറക്കാം. ഇറ്റലിയോടുള്ള വീറുറ്റ പോരാട്ടം മാസിഡോണിയ ആവര്‍ത്തിച്ചാല്‍ പോര്‍ച്ചുഗലിന് കടുക്കും.
മുപ്പത്തേഴുകാരനായ റൊണാള്‍ഡോയ്ക്ക് ലോകകപ്പിലെ അവസാന അവസരമാണ്. ഏത് ടീമിനെയും കീഴടക്കാമെന്ന ആത്മവിശ്വാസത്തിലാണ് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍. പോര്‍ച്ചുഗലിന്റെ ലോകോത്തര നിരയ്ക്ക് മുന്നില്‍ മാസിഡോണിയ ഒന്നുമല്ല. പക്ഷേ, ഇറ്റലിയെ തോല്‍പ്പിച്ച മാസിഡോണിയന്‍ സംഘത്തിന് സമ്മര്‍ദഭാരം തീരെയില്ല.
തുര്‍ക്കിക്കെതിരെ ടീമില്‍ ഇല്ലാതിരുന്ന പെപെ, ജോയോ കാന്‍സെലോ എന്നിവര്‍ തിരിച്ചെത്തുന്നത് പോര്‍ച്ചുഗലിന്റെ കരുത്ത് കൂട്ടും.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ജര്‍മനിയെയും തോല്‍പ്പിച്ച സംഘമാണ് മാസിഡോണിയയുടേത്.
സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒരു ഗോളിന് തോല്‍പ്പിച്ച സ്വീഡന്‍ മുന്നേറാനുള്ള ഒരുക്കത്തിലാണ്. പോളണ്ടാണ് എതിരാളികള്‍. ആദ്യപാദത്തില്‍ ഓസ്ട്രിയയെ തോല്‍പ്പിച്ച വെയ്ല്‍സിന് എതിരാളികള്‍ക്കായി കാത്തിരിക്കണം. സ്‌കോട്-ലന്‍ഡ്-ഉക്രയ്ന്‍ പ്ലേ ഓഫ് സെമി മാറ്റിവച്ചിരിക്കുകയാണ്. ഇതിലെ ജേതാക്കളെയാണ് വെയ്ല്‍സ് നേരിടുക.