ലോകകപ്പ് യോഗ്യതാ റൗണ്ട്; അര്‍ജന്റീനയ്ക്ക് ജയം, കുതിപ്പ് തുടര്‍ന്ന് ബ്രസീല്‍

കരാക്കസ്: തെക്കേ അമേരിക്കന്‍ മേഖലയിലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് നാലാം ജയം. അര്‍ജന്റീന ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തോല്‍പിച്ചു. തോല്‍വിയറിയാതെ കുതിക്കുന്ന ബ്രസീലും ജയം സ്വന്തമാക്കി.

മുപ്പത്തിരണ്ടാം മിനിറ്റില്‍ അഡ്രിയന്‍ മാര്‍ട്ടിനസ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ വെനസ്വേല പത്ത് പേരായി ചുരുങ്ങി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലൗറ്ററോ മാര്‍ട്ടിനസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചു. എഴുപത്തിയൊന്നാം മിനിറ്റില്‍ യോക്വിം കൊറേയയും എഴുപത്തിനാലാം മിനിറ്റില്‍ ഏഞ്ചല്‍ കൊറേയയും അര്‍ജന്റീനയുടെ ലീഡുയര്‍ത്തി. ഇഞ്ചുറിടൈമില്‍ പെനാല്‍റ്റിയിലൂടെ യെഫേഴ്സനാണ് വെനസ്വേലയുടെ ആശ്വസ ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ചിലെയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. 64-ാം മിനുറ്റില്‍ എവര്‍ട്ടന്‍ റിബൈറോയാണ് കാനറികളുടെ വിജയഗോള്‍ നേടിയത്. കളിച്ച ഏഴ് മത്സരങ്ങളും ജയിച്ച് 21 പോയിന്റുമായി തലപ്പത്ത് കുതിക്കുകയാണ് ബ്രസീല്‍.

ഏഴില്‍ നാല് ജയവും മൂന്ന് സമനിലയുമായി 15 പോയിന്റുള്ള അര്‍ജന്റീന രണ്ടാം സ്ഥാനത്തും. ഇക്വഡോര്‍(12), ഉറുഗ്വേ(9), കൊളംബിയ(9) ടീമുകളാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.

 

Top