ലണ്ടന്‍: ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പില്‍ എല്ലാവരും ഈ താരത്തെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്.
ഏകദിന മത്സരങ്ങളിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാന്‍ ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്ലറായിരിക്കുമെന്നാണ് പോണ്ടിങ് പറയുന്നത്.
ഇംഗ്ലണ്ട് ടീം മികച്ച കളിക്കാരാല്‍ സമ്പന്നമാണ്. കൂട്ടത്തില്‍ ബട്ട്ലറാകും മറ്റ് ടീമുകള്‍ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുക. താരം അടുത്തകാലത്തായി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ലോകകപ്പിനെത്തുന്ന ടീമുകളുടെ പേടിസ്വപ്നം കൂടിയാണ് ബട്ട്ലര്‍. അടുത്തിടെ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് 4-0 ന് ജയിച്ച പരമ്പരയിലും ബട്ട്ലര്‍ തന്റെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചിരുന്നു. രണ്ടാം ഏകദിനത്തില്‍ 55 പന്തില്‍ നിന്ന് ബട്ട്ലര്‍ 110 റണ്‍സടിച്ചിരുന്നു.
”ജോസ് ബട്ട്ലറായിരിക്കും ഇത്തവണ ഇംഗ്ലണ്ട് ടീമിലെ ഏറ്റവും അപകടകാരി. കഴിഞ്ഞ 2-3 വര്‍ഷങ്ങളായി ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരിക്കെ എനിക്ക് അദ്ദേഹത്തെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാനൊരുങ്ങുകയാണ് അദ്ദേഹം” – പോണ്ടിങ് വ്യക്തമാക്കി.