പരിശീലനത്തിനിടെയുണ്ടായ പരുക്കിനെ തുടര്‍ന്ന് കോസ്റ്റാറിക്കന്‍ പ്രതിരോധ താരം റൊണാള്‍ഡ് മറ്റാറിറ്റ ലോകകപ്പ് ടീമില്‍ കളിക്കില്ല. വലതുകാലിന്റെ പിന്‍തുട ഞരമ്പിനേറ്റ പരുക്കിനെ തുടര്‍ന്നാണ് മറ്റാറിറ്റ പുറത്തായത്.
റൊണാള്‍ഡ് മറ്റാറിറ്റയ്ക്ക് പകരക്കാരനായി കെന്നെര്‍ ഗുട്ടിറെസിനെ കോസ്റ്റാറിക്ക ടീമില്‍ എത്തിച്ചിട്ടുണ്ട്. ലോകകപ്പില്‍ ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സെര്‍ബിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഇ യിലാണ് കോസ്റ്റാറിക്ക. സെര്‍ബിയക്കെതിരെയാണ് കോസ്റ്റാറിക്കയുടെ ആദ്യ മത്സരം.
23കാരനായ മറ്റാറിറ്റ, അമേരിക്കന്‍ ക്ലബ് ന്യൂയോര്‍ക്ക് സിറ്റി എഫ്.സിയുടെ കളിക്കാരനാണ്. ലെഫ്റ്റ് ബാക്കായും വിങ്ങറായും കളിക്കുന്ന മറ്റാറിറ്റ കോസ്റ്റാറിക്കന്‍ ദേശീയ ടീമിനായി, 23 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. 2015ല്‍ ദേശീയ ടീമിനൊപ്പം അരങ്ങേറിയ മറ്റാറിറ്റയുടെ ആദ്യ പ്രധാന ടൂര്‍ണമെന്റാകുമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം പരിക്കിനെത്തുടര്‍ന്ന് കോണ്‍കകാഫ് ഗോള്‍ഡ് കപ്പിലും മറ്റാറിറ്റയ്ക്ക് കളിക്കാനായിരുന്നില്ല.
പകരക്കാരനായി എത്തുന്ന കെന്നര്‍ ഗുട്ടിറസ്, കോസ്റ്റാറിക്കന്‍ ക്ലബ് അലയുലെന്‍സിന്റെ താരമാണ്. 29കാരനായ ഗുട്ടിറസ്, ദേശീയ ടീമിനായി ഒമ്പത് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. എന്നാല്‍ 2016ലെ കോപ്പാ സെന്‍ട്രോ അമേരിക്കാനയിലും, 2017ലെ കോണ്‍കകാഫ് ഗോള്‍ഡ് കപ്പിലും കളിച്ച കോസ്റ്റാറിക്കന്‍ ടീമില്‍ ഗുട്ടിറസ് അംഗമായിരുന്നു. ലോകകപ്പില്‍ ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സെര്‍ബിയ എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് കോസ്റ്റാറിക്ക കളിക്കുന്നത്.