ലോകകപ്പ് ടീം; കേദര്‍ ജാദവിന് പകരക്കാരനായി റിഷഭ് പന്ത് എത്തിയേക്കുമെന്ന് സൂചന

രിക്കേറ്റ ഓള്‍റൗണ്ടര്‍ കേദര്‍ ജാദവിന് പകരക്കാരനായി റിഷഭ് പന്ത് ലോക കപ്പ് ടീമില്‍ സ്ഥാനം പിടിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന പോരാട്ടത്തിലാണ് ചെന്നൈ പ്ലേയറായ കേദറിന് നടുവിന് പരിക്കേറ്റത്.

ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു പരിക്ക്. ബ്രാവോയുടെ പന്തില്‍ പഞ്ചാബിന്റെ നിക്കോളാസ് പുറാന്‍ രണ്ട് റണ്ണെടുക്കുന്നത് തടയുന്നതിന് വേണ്ടി ജഡേജ നല്‍കിയ അതിവേഗ ത്രോ പിടിക്കാന്‍ ബ്രാവോയ്ക്ക് കഴിഞ്ഞില്ല. ഈ പന്ത് തടയാനുള്ള ജാദവിന്റെ ഡൈവിംഗ് ശ്രമമാണ് പാളിയത്. താരത്തിന് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ കളിക്കാനാകില്ലെന്നാണ് സൂചന.

ഇതോടെയാണ് റിഷഭ് പന്തിന് ലോക കപ്പ് ടീമിലേക്ക് അവസരം ഒരുങ്ങുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം നടക്കുക. ഈമാസം 22ന് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്. അതിന് മുമ്പ് പരിക്ക് ഭേദമായില്ലെങ്കില്‍ മറ്റൊരു താരത്തെ കണ്ടുപിടിക്കേണ്ടി വരും ഇന്ത്യക്ക്. പരിക്ക് സാരമുള്ളതാണെങ്കില്‍ നിലവില്‍ റിഷഭ് പന്താണ് പകരക്കാരനായി ടീമിലെത്താന്‍ സാധ്യത.

Top