ലണ്ടന്‍: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ലോകകപ്പിന് പുറത്തെന്ന് സൂചന. കാല്‍വിരലിനേറ്റ പരിക്കാണ് താരത്തിന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാക്കിയത്. ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തുപോകുന്ന രണ്ടാമത്തെ താരമാണ് വിജയ് ശങ്കര്‍.
നേരത്തെ കൈവിരലിന് പൊട്ടലേറ്റ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിന് പുറത്തായിരുന്നു. പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ യോര്‍ക്കര്‍ കാലില്‍കൊണ്ടാണ് വിജയ് ശങ്കറിന് പരിക്കേറ്റത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നിന്നും ഓള്‍റൗണ്ടറെ ഒഴിവാക്കിയിരുന്നു. ഋഷഭ് പന്താണ് പകരം ടീമിലെത്തിയത്.
മായങ്ക് അഗര്‍വാള്‍ ടീമിലെത്തിയാല്‍ രണ്ടു സാധ്യതകളാണ് ടീം ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഓപ്പണിംഗില്‍ പരാജയമായ കെ.എല്‍.രാഹുലിനെ വീണ്ടും നാലാം നമ്പറിലേക്ക് മാറ്റാം. ഇതോടെ ഋഷഭ് പന്തിന് സ്ഥാനം നഷ്ടമാകും. അല്ലെങ്കില്‍ മോശം ഫോമില്‍ തുടരുന്ന രാഹുലിനെ ഒഴിവാക്കി പന്തിനെയും അഗര്‍വാളിനെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താം.
ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. ഈ മത്സരത്തിന് ശേഷമേ മായങ്ക് അഗര്‍വാള്‍ ടീമിനൊപ്പം ചേരൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ ആറിന് അവസാന പ്രാഥമിക റൗണ്ട് പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ രോഹിത് ശര്‍മയ്‌ക്കൊപ്പം അഗര്‍വാള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും.