മൂന്ന് പ്രധാനപ്പെട്ട ഭീഷണികളാണ് ഇക്കൊല്ലം മാനവരാശി ഏറ്റവുമധികം നേരിടുന്നത്. ലോക സാമ്പത്തിക ഫോറമാണ് ഇത് സംബന്ധിച്ച പഠനങ്ങളും വിശദാംശങ്ങളും പുറത്തു വിട്ടിരിക്കുന്നത്. ഏകാന്തത, അതിതീവ്ര കാലാവസ്ഥ, ആഗോള സാമ്പത്തിക അസ്ഥിരത എന്നിവയാണ് ഇനിയങ്ങോട്ട് ലോക രാജ്യങ്ങളെ പിടിച്ചുലയ്ക്കാന്‍ പോകുന്ന പ്രധാന പ്രശ്നങ്ങള്‍. 15 സിഗരറ്റുകള്‍ ഒന്നിച്ച് ഒരു ദിവസം വലിക്കുന്നതിന് തുല്യമായ പ്രശ്നങ്ങളാണ് ഏകാന്തത ഉണ്ടാക്കുന്നത്.
ആഗോളതലത്തില്‍ മനുഷ്യ മനസ്സിനെ ഈ വ്യാധി കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. മാറി വരുന്ന തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങള്‍ ആളുകളെ എല്ലായിപ്പോഴും എന്തെങ്കിലും കാര്യത്തില്‍ വ്യാപൃതരാക്കുകയല്ല, മറിച്ച് ഇന്നു വരെ ചരിത്രത്തില്‍ ഇടം കിട്ടാത്ത രീതിയിലുള്ള ഏകാന്തതയ്ക്കാണ് കാരണമാകുന്നത്.
പാരീസിലെ 50 ശതമാനവും സ്റ്റോക്ഹാമിലെ 60 ശതമാനം ആളുകളും ഏകാന്ത ജീവിതം നയിക്കുന്നവരാണ്. 1960 മുതലുള്ള കണക്കുകള്‍ പ്രകാരം യുകെയില്‍ ഒരു വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന ആളുകളുടെ എണ്ണം രണ്ടിരട്ടി ആയിരിക്കുകയാണ്. 75 വയസ്സിന് മുകളിലുള്ള പകുതിയിലധികം ആളുകളും ഇവിടെ ഒറ്റക്കാണ്. മിക്കവാറും ഈ പ്രായത്തിലുള്ളവര്‍ മാസങ്ങളോളം കൂട്ടുകാരോടോ, ബന്ധുക്കളോടോ മിണ്ടാന്‍ അവസരം കിട്ടാത്തവരാണ്.
ഇനി, അമേരിക്കന്‍ രാജ്യങ്ങളിലേയ്ക്ക് വന്നാല്‍, 1985 മുതല്‍ 2004 വരെയുള്ള രേഖകള്‍ പ്രകാരം ശരാശരി ഒരാള്‍ക്കുണ്ടാകുന്ന ഉറ്റ സുഹൃത്തുക്കളുടെ എണ്ണം 3 ല്‍ നിന്നും രണ്ടായി കുറഞ്ഞു. ഏറ്റവുമടുത്ത സുഹൃത്തുക്കളില്ലാത്ത ആളുകളുടെ എണ്ണം മൂന്നിരട്ടിയായി. നഗരവല്‍ക്കണമാണ് ഈ പ്രശ്നങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണമായി ലോക സാമ്പത്തിക ഫോറം ചൂണ്ടിക്കാണിക്കുന്നത്. ചൈനയില്‍ ഉള്‍ഗ്രാമങ്ങളിലെ ജനസംഖ്യ 1980-2014 കാലഘട്ടത്തില്‍ പകുതിയായി കുറഞ്ഞു. കുടുംബത്തെ വിട്ട് നഗരങ്ങളിലേയ്ക്ക് കുടിയേറുന്ന ആളുകളില്‍ ഏകാന്തത വര്‍ദ്ധിച്ചു.
സാങ്കേതിക വിദ്യ ആളുകളെ കൂടുതല്‍ ഏകാകികളാക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കണ്ടുപിടുത്തം. ആഴ്ചയില്‍ ശരാശരി 24 മണിക്കൂറാണ് ഒരാള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത്. എന്നാല്‍, മറ്റുള്ളവര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന അത്രയും സമയം ഏകാന്തത അനുഭവിക്കുന്നവര്‍ ഓണ്‍ലൈന്‍ ഉപയോഗിക്കാറില്ല എന്നതാണ് സത്യം. ഈ ഏകാന്തതാ പ്രശ്നം വലിയ സാമ്പത്തിക നഷ്ടമാണ് ആഗോള തലത്തില്‍ ഉണ്ടാക്കുന്നത്. യുകെയില്‍ വൃദ്ധരായ ആളുകളുടെ മാനസികാരോഗ്യത്തിനായി 6,000 പൗണ്ടാണ് ഓരോ വര്‍ഷവും അധികമായി ചെലവാക്കുന്നത്. വിഷാദരോഗം അടക്കമുള്ള അസുഖങ്ങളാണ് ഇവര്‍ നിരന്തരം അനുഭവിക്കുന്നത്. ആഗോള സാമ്പത്തിക രംഗത്ത് 2.5 ട്രില്യണ്‍ ഡോളറിന്റെ പ്രത്യാഘാതമാണ് ഏകാന്ത മൂലം 2010ല്‍ ഉണ്ടായത്.
മിക്ക രാജ്യങ്ങളും ഈ മഹാവിപത്ത് തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഏകാന്തതാ പരിഹാരം ഒരു വകുപ്പായി പരിഗണിച്ച് മന്ത്രിയെ വരെ തെരഞ്ഞെടുത്തിരിക്കുകയാണ് യു.കെ.
കാലാവസ്ഥയിലെ അതിതീവ്ര മാറ്റങ്ങളാണ് മറ്റൊരു പ്രധാന പ്രശ്‌നം. 2018ല്‍ യുഎസില്‍ നിന്ന് ഫിലിപ്പീനിലേയ്ക്ക് ഉണ്ടായ കൊടുങ്കാറ്റ്, കാലിഫോര്‍ണിയയിലെ കാട്ടു തീ, കേരളത്തിലും ജപ്പാനിലും ഉണ്ടായ വെള്ളപ്പൊക്കം, യൂറോപ്പിലെ ചൂട് കാറ്റ്. . അങ്ങനെ ചെറുതും വലുതുമായ നിരവധി പ്രശ്‌നങ്ങളാണ് ലോകത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നത്. 39 മില്യണ്‍ ആളുകളാണ് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നത്.
ചരക്കു സേവന മേഖലയില്‍ 29 ശതമാനത്തിന്റെ ഇടിവാണ് 2012 വരെ ഉണ്ടായത്. അന്തരീക്ഷ താപനില ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 3 മുതല്‍ 5 ശതമാനം വരെ ഉയരുമെന്നാണ് വിദഗ്ധാഭിപ്രായം. കാലാവസ്ഥാ വ്യതിയാനം വനജീവി സമ്പത്തിനെയും പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. 1970 മുതല്‍ 60 ശതമാനം ഇടിവാണ് വന്യജീവികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.
570 തീരദേശ നഗരങ്ങളിലായി 800 മില്യണ്‍ ആളുകളാണ് സമുദ്രനിരപ്പ് ഭയന്ന് ജീവിക്കുന്നത്.
ഈ വര്‍ഷം തന്നെ ആഗോള സാമ്പത്തിക രംഗം കലങ്ങി മറിയുമെന്ന സൂചനകളാണ് നിലവിലെ സംഭവ വികാസങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. വന്‍ശക്തികള്‍ തമ്മിലുള്ള വാണിജ്യ കലഹങ്ങളാണ് ഇതിന്റെ പ്രധാന കാരണം. അന്താരാഷ്ട്ര തലത്തില്‍ തന്നെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാണ് ഉയരുന്നത്. 2008ലെ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ വലുതാണ് ഇപ്പോഴത്തെ ആഗോള കടബാധ്യത എന്നാണ് കണക്കുകള്‍.
അസമത്വം ഈ പ്രശ്‌നത്തെ ത്വരിതപ്പെടുത്തുന്നു. സാമൂഹികമായി ഉണ്ടായിരുന്ന കൂട്ടായ്മയും അതുവഴി നേടിയിരുന്ന പുരോഗതിയും ഇപ്പോള്‍ വ്യക്തി കേന്ദ്രീകൃതമായി മാറിക്കഴിഞ്ഞു. ആഗോള കുത്തക മുതലാളിത്ത പ്രവണതയെക്കുറിച്ച് വീണ്ടും ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
ഏകാന്തതയും, അതിതീവ്ര കാലാവസ്ഥയും, സാമ്പത്തിക തകര്‍ച്ചയും ചെറുത്തു തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇനി മാനവരാശിക്ക് ജീവിതം സ്വപ്‌നം കാണാന്‍ സാധിക്കൂ. . .