ലോകപ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

പോര്‍ച്ചുഗീസ്: ലോകപ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര (94) അന്തരിച്ചു. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികള്‍ രചിച്ചിട്ടുണ്ട്. ‘ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ്സ് ഓഫ് ബീയിങ്’, ‘ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിങ്’, ‘ദി ജോക്ക്’ തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍.

ചെക്കോസ്ലോവാക്യയിലെ സര്‍ക്കാര്‍ ഇദ്ദേഹത്തിന്റെ രചനകള്‍ നിരോധിക്കുകയും 1979-ല്‍ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. 1975 മുതല്‍ ഫ്രാന്‍സിലായിരുന്ന മിലന്‍ കുന്ദേരയ്ക്ക് 1981-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ പൗരത്വം നല്‍കി. 2019 -ല്‍ ചെക്ക് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പൗരത്വം തിരിച്ചു നല്‍കി.

1985-ലെ ജറുസലേം പ്രൈസ്, 1987-ല്‍ യൂറോപ്യന്‍ സാഹിത്യത്തിനുള്ള ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ്, 2000-ലെ ഹെര്‍ഡര്‍ പ്രൈസ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു. 2021-ല്‍ , സ്ലോവേനിയന്‍ പ്രസിഡന്റ് അദ്ദേഹത്തിനെ ഗോള്‍ഡന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്‍കി ആദരിച്ചു.

1929-ല്‍ ചെക്കോസ്ലോവാക്യയിലെ ബ്രണോയിലെ ക്രാലോവോ പോളിലുള്ള പുര്‍ക്കിനോവ 6 (6 പുര്‍ക്കിനേ സ്ട്രീറ്റ്) എന്ന സ്ഥലത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് കുന്ദേര ജനിച്ചത്. ചെക്ക് സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന ലുഡ്വിക് കുന്ദേരയാണ് അദ്ദേഹത്തിന്റെ പിതാവ്. ബ്രണോയിലെ ജാനസെക് മ്യൂസിക് അക്കാദമിയുടെ തലവനായിരുന്നു അദ്ദേഹം. മിലാഡ കുന്ദറോവയാണ് അമ്മ.

Top