അബുദാബി: പലസ്തീന്‍ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയെ സ്വീകരിച്ചു. മൂന്നു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മോദി യുഎഇയില്‍ എത്തുന്നത്.
രാവിലെ അബുദാബിയിലെ രക്തസാക്ഷി മണ്ഡപമായ വാഹത് അല്‍ കരാമയില്‍ പ്രണാമം അര്‍പ്പിക്കുന്ന നരേന്ദ്രമോദി ദുബായിലേക്ക് പുറപ്പെടും. ദുബായില്‍ നടക്കുന്ന എട്ടാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മോദി, സാങ്കേതിക വിദ്യയും വികസന സാധ്യതകളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും.
ഗള്‍ഫിലെ പ്രധാന കമ്പനികളുടെ തലവന്‍മാരുമായി നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും. ദുബായ് ഒപ്പേറ ഹൗസില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട 1800 ഇന്ത്യക്കാരായ പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി അബുദാബിയില്‍ നിര്‍മിക്കുന്ന പുതിയ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ടെലികോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ബഹിരാകാശപര്യവേഷണം, സ്‌കില്‍സ് ഡവലപ്പ്‌മെന്റ്, പ്രതിരോധം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ സുപ്രധാനമായ ഏതാനും കരാറുകളില്‍ ഒപ്പുവയ്ക്കും.