കോവിഡ് ആരോഗ്യ അടിയന്തരാവസ്ഥ ഈ വര്‍ഷത്തോടെ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: വാക്‌സിനേഷനുകളുടെയും മരുന്നുകളുടെയും അസമത്വങ്ങള്‍ വേഗത്തില്‍ കുറക്കാനായാല്‍ കോവിഡ് മൂലമുള്ള മരണങ്ങളും ആശുപത്രി വാസങ്ങളും ലോക്ഡൗണുമെല്ലാം ഈ വര്‍ഷം കൊണ്ട് അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിന്‍ അസമത്വങ്ങളെ കുറിച്ച് ലോക സാമ്പത്തിക ഫോറം നടത്തിയ പാനല്‍ ചര്‍ച്ചയിലാണ് ലോകാരോഗ്യസംഘടനയിലെ അത്യാഹിതവിഭാഗം മേധാവി ഡോ.മൈക്ക് റയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഞങ്ങള്‍ ഒരിക്കലും വൈറസിനെ അവസാനിപ്പിക്കില്ല. ഇത്തരം പാന്‍ഡെമിക് വൈറസുകള്‍ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. വാക്‌സിനേഷനിലും മരുന്നിലുമുള്ള അസമത്വങ്ങള്‍ ഇല്ലാതായാല്‍ ഈ വര്‍ഷം പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സമ്പന്നരും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള കോവിഡ് വാക്‌സിനേഷനിലെ അസന്തുലിതാവസ്ഥ വിനാശകരമായ ധാര്‍മ്മിക പരാജയമാണെന്ന് ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തി.

ദരിദ്ര്യ രാജ്യങ്ങളില്‍ 10 ശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ക്കാണ് ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചത്. വാക്‌സിനുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ന്യായമായ രീതിയില്‍ പങ്കിടണം. ഇല്ലെങ്കില്‍ ലോകമെമ്പാടും 5.5 ദശലക്ഷത്തിലധികം ആളുകെള കൊന്നൊടുക്കിയ ഈ വൈറസ് ഇനിയും ദുരന്തം വിതക്കുമെന്നും റയാന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി കൂടുതല്‍ പേരിലേക്ക് വാക്‌സിനുകള്‍ എത്തിച്ച് മരണനിരക്ക് കുറക്കുക എന്നതാണ് ലോകാരോഗ്യസംഘടന ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു വൈറസിന്റെ മാത്രം പ്രശ്‌നമല്ല ലോകം നേരിടുന്നത്. മരണത്തിന്റെയും ആശുപത്രി വാസങ്ങളുടെയും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സംവിധാനങ്ങളുടെ തകര്‍ച്ചയാണ് ദുരന്തം സമ്മാനിച്ചത്. പലരാജ്യങ്ങളും വൈറസിനോടൊപ്പം ജീവിക്കാന്‍ തുടങ്ങിയിരുന്നു.

എന്നാല്‍ മലേറിയയെ പോലെയും എച്ച്. ഐവിയെ പോലെയും വൈറസ് ഇവിടെ തന്നെയുണ്ടാകുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. വാക്‌സിനുകളുടെ മികച്ച വിതരണത്തിന്റെയും വലിയ തോതിലുള്ള ഉല്‍പ്പാദനത്തിന്റെ ആവശ്യകതയെക്കുറിച്ചും ദാരിദ്ര്യ വിരുദ്ധ സംഘടനയായ ഓക്‌സ്ഫാം ഇന്റര്‍നാഷണലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗബ്രിയേല ബുച്ചര്‍ സംസാരിച്ചു. ഈ മഹാമാരിക്കെതിരെ പോരാടാനുള്ള വിഭവങ്ങള്‍ കുറച്ച് കമ്പനികളും ഷെയര്‍ഹോള്‍ഡര്‍മാരും പൂഴ്ത്തിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയിലെ 1.2 ബില്യണ്‍ ജനങ്ങളില്‍ 10ശതമാനം മാത്രമേ പൂര്‍ണമായി വാക്‌സിനേഷന്‍ എടുത്തിട്ടുള്ളൂവെന്ന് ആഫ്രിക്ക സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ ഡയറക്ടര്‍ ജോണ്‍ എന്‍കെന്‍ഗാസോംഗ പറഞ്ഞു. വാക്‌സിനുകള്‍ ലഭ്യമാണെങ്കില്‍, 80ശതമാനം ആഫ്രിക്കക്കാരും വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ തുടങ്ങിയ ലോക നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.

Top