ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രണണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍

റഫ: ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രണണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 പിന്നിട്ടു. ആയിരങ്ങള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ എന്ന് ഉറപ്പിച്ചിരിക്കുകയാണ് പാലസ്തീന്‍. എന്നാല്‍ വ്യോമാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാദം. ആക്രമണം അതീവ ദുഃഖകരമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജോ ബൈഡനുമായുള്ള ചര്‍ച്ചകള്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്ബൂദ് അബാസ് റദ്ധാക്കി. അമേരിക്കന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചകള്‍ നീട്ടിവെച്ചതായി വ്യക്തമാക്കി ജോര്‍ദ്ദാന്‍ വിദേശകാര്യ മന്ത്രാലയവും വാര്‍ത്താകുറിപ്പ് പുറത്തിറക്കി. ജോ ബൈഡന്റെ ജോര്‍ദ്ദാന്‍ സന്ദര്‍ശനം റദ്ധാക്കിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. അറബ് രാജ്യങ്ങള്‍ക്കിടയിലും ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം യുദ്ധക്കുറ്റമെന്ന് ആരോപിച്ച് ജോര്‍ദ്ദാന്‍ രംഗത്തെത്തി. നിഷ്ഠൂരമായ കൂട്ടക്കൊലയെന്നാണ് ഖത്തര്‍ വിശേഷിപ്പിച്ചത്. പലസ്തീന് 100 മില്യണ്‍ ഡോളറിന്റെ അടിയന്തിര സഹായം ജിസിസി രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. സൈനിക നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഇസ്രയേലില്‍ എത്തും.

Top