ഇസ്രയേലിനെ ലോക രാഷ്ട്രങ്ങള്‍ നിരുപാധികം പിന്തുണയ്ക്കരുതെന്ന് ഖത്തര്‍

ദോഹ: ഇസ്രയേലിന് ലോകരാജ്യങ്ങൾ നല്‍കുന്ന ഉപാധികളില്ലാത്ത പിന്തുണ അവസാനിപ്പിക്കണമെന്ന് ഖത്തര്‍. ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ വക്താവുമായ ലുല്‍വ അല്‍ ഖാത്തിറാണ് ഫലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടുകളുമായി രംഗത്തുവന്നത്. ഗാസയ്ക്ക് ഖത്തര്‍ നല്‍കുന്ന സഹായം മറ്റു ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് വിനിയോഗിക്കപ്പെടുന്നതെന്ന ഇസ്രയേലിന്റെ ആരോപണവും ഖത്തര്‍ തള്ളി.

പലസ്തീനികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു കാരണം ഹമാസ് ആണെന്ന ആരോപണവും അവര്‍ തള്ളി. പലസ്തീന്‍ ജനതയ്‌ക്കെതിരായ ഇസ്രയേല്‍ അതിക്രമങ്ങള്‍ 1948 മുതല്‍ ആരംഭിച്ചതാണ്. ഹമാസ് രൂപീകൃതമായത് 1980ല്‍ മാത്രമാണ്. ഹമാസ് വരുന്നതിന് മുമ്പ് പതിറ്റാണ്ടുകളോളം കഷ്ടപ്പാടുകളിലൂടെയും ദുരിതങ്ങളിലൂടെയും തന്നെയായിരുന്നു പലസ്തീന്‍ ജനത കടന്നുപോയത്.

പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ഇസ്രയേലിന് നല്‍കി വരുന്ന ധാര്‍മ്മികവും രാഷ്ട്രീവും സാമ്പത്തികവുമായ പിന്തുണയും സഹായവും അവസാനിപ്പിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും ലുല്‍വ അല്‍ ഖാത്തിര്‍ ആവശ്യപ്പെട്ടു.

ഇപ്പോള്‍ ഫലസ്തീനിലുണ്ടായ പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദി ഇസ്രായേലാണ്. കിഴക്കന്‍ ജെറൂസലേമിലെ ശെയ്ഖ് ജര്‍റാഹില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കാന്‍ നടത്തിയ വംശീയ ഉന്‍മൂലന ശ്രമങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും അവര്‍ കുറ്റപ്പെടുത്തി.

Top