കൊറോണയെ ഇനി പേടിക്കേണ്ട, അപകടഘട്ടം പിന്നിട്ടു; ചൈനക്ക് ആശ്വാസവുമായി റിപ്പോര്‍ട്ട്

ബെയ്ജിങ്: ചൈനയ്ക്ക് ആശ്വാസകരമായ വാര്‍ത്തയാണ് ചൈനീസ് ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം കുറയുന്ന സാഹചര്യത്തില്‍ അപകടഘട്ടം പിന്നിട്ടെന്നാണ് അവര്‍ പറയുന്നത്. വൈറസിന്റെ പ്രഭവ കേന്ദ്രം തന്നെ ചൈനയാണ്. മാത്രമല്ല രാജ്യത്ത് 80,796 പേര്‍ക്ക് രോഗം ബാധിക്കുകയും 3169 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ചൈനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ ഈ റിപ്പോര്‍ട്ട് ലോകത്തിന് തന്നെ ആശ്വാസമാവുന്നതാണ്.

ഫെബ്രുവരി ഒമ്പതിന് മാത്രം ചൈനയില്‍ 1921 പുതിയ കൊവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്. എന്നാല്‍, കഴിഞ്ഞ തിങ്കളാഴ്ച വെറും 17 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ വൈറസ് ബാധിതരെ ചികിത്സിക്കാനായി നിര്‍മിച്ച 16 താല്‍ക്കാലിക ആശുപത്രികളുടെ പ്രവര്‍ത്തനം ചൈന അവസാനിപ്പിച്ചിരുന്നു. രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വലിയ കുറവ് പരിഗണിച്ചാണ് ആശുപത്രികള്‍ അടച്ചത്. അതിന് പിന്നാലെയാണ് അപകടഘട്ടം തരണം ചെയ്‌തെന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

അതേസമയം, ചൈന ആശ്വാസത്തിലേക്ക് നീങ്ങുമ്പോള്‍ മറ്റു രാജ്യങ്ങള്‍ക്ക് അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കൂടുതല്‍ ലോകരാജ്യങ്ങളിലേക്ക് വൈറസ് പകരുന്ന സാഹചര്യത്തില്‍ കൊറോണയെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുകയാണ്.

Top