വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നു. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്ന് വിശേഷിപ്പിച്ചതാണ് വിനയായിരിക്കുന്നത്. ട്രംപിന്റെ പരാമര്‍ശം അനുചിതമാണെന്നും ചൈനക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തുന്നതുമാണ് എന്നാണ് ആരോപണം. രോഗത്തെ ഏതെങ്കിലും സ്ഥലത്തിന്റെ പേരിലോ വംശീയതയുടെ പേരിലോ പരാമര്‍ശിക്കുന്നത് ശരിയായ രീതിയല്ലെന്നും നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ട്. ട്രംപിന്റെ ഈ നടപടി അംഗീകരിക്കാനാകില്ലെന്ന് അമേരിക്കക്കാര്‍ തന്നെ ആരോപിക്കുന്നുണ്ട്.
ചൈനയില്‍ നിന്നു വന്ന വൈറസ് എന്ന അര്‍ത്ഥത്തിലാണ് ട്രംപ് ഇങ്ങനെ പരാമര്‍ശിച്ചത്. എന്നാല്‍ വൈറസിന്റെ പ്രഭവകേന്ദ്രത്തെ കുറിച്ച് ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈന തന്നെയാണ് വൈറസിന്റെ ഉറവിടം എന്ന് ഉറപ്പിക്കുന്ന രീതിയിലുള്ള ട്രംപിന്റെ വാക്കുകള്‍ ഏറെ വിഷമം സൃഷ്ടിക്കുന്നതാണ്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അതേസമയം, വ്യോമയാനം അടക്കമുള്ള അമേരിക്കയിലെ വ്യവസായങ്ങള്‍ ശക്തമായി തിരിച്ചുവരുമെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.
അതേസമയം, ഇസ്രായേലില്‍ വംശീയ ആക്രമണത്തിന് ഇന്ത്യന്‍ വംശജന്‍ ഇരയായി. ചൈനക്കാരനെന്ന് വിളിച്ചും കൊവിഡ് എന്ന് ആരോപിച്ചുമാണ് ഇന്ത്യവംശജനായ ആം ഷലേം സിംഗ്‌സനിനെ രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. ഇസ്രേയലിലെ ടിബെറിസ് നഗരത്തില്‍ ശനിയാഴ്ചയാണ് കൊവിഡ് 19 ന്റെ പേരില്‍ വംശീയാധിക്ഷേപം നടന്നത്. ആക്രമണത്തില്‍ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിപ്പൂരില്‍നിന്നുള്ള ബനേയ് മെനാഷെ സമുദായത്തില്‍പ്പെട്ടയാളാണ് സിംഗ്‌സന്‍.