ഒടുവില്‍ കൊറോണ വൈറ്റ് ഹൗസിനും ഭീഷണി, ട്രംപും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു!

വാഷിങ്ടണ്‍: കൊറോണ വൈറസ് നിയന്ത്രണമില്ലാതെ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പടരുകയാണ് ഈ സാഹചര്യത്തില്‍ എല്ലാ രാജ്യക്കാരും തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്. തങ്ങള്‍ക്ക് കൊറോണ ബാധയേല്‍ക്കില്ലെന്ന് പറഞ്ഞ ട്രംപ് ഇപ്പോള്‍ വൈറസിനെ നേരിടാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ്.

അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ (പ്രാദേശികസമയം) വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും ഇതിനായി ഫെഡറല്‍ ഫണ്ടില്‍ നിന്ന് 50,000 കോടി യു.എസ്. ഡോളര്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘അടുത്ത എട്ടാഴ്ചകള്‍ വളരെ നിര്‍ണായകമാണ്. നാം കൊറോണ വൈറസിനെ കുറിച്ച് പഠിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യും’- ട്രംപ് പറഞ്ഞു.

എല്ലായിടത്തുനിന്നുമുള്ള അമേരിക്കക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ രാജ്യത്തെ എല്ലാ ആശുപത്രികളോടും അടിയന്തര സന്നദ്ധതാ പദ്ധതി ആവിഷ്‌കരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ പരിചരിക്കുന്നതില്‍ കുറവുണ്ടാകരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടത്തിനു നേര്‍ക്ക് വിമര്‍ശനം ഉയര്‍ന്നിരുന്നു.

അമേരിക്കയ്ക്ക് പുറമെ നേരത്തെ സ്‌പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറുകടന്നതോടെയാണ് സ്പെയിന്‍ നടപടി സ്വീകരിച്ചത്. 120 പേരാണ് വെള്ളിയാഴ്ചവരെ മരിച്ചത്.

ശനിയാഴ്ചമുതല്‍ സ്‌പെയിനില്‍ അടിയന്തരാവസ്ഥ നിലവില്‍വരുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് അറിയിച്ചു. അതേസമയം രാജ്യത്ത് അടുത്തയാഴ്ചയോടെ വൈറസ് ബാധിതരുടെ എണ്ണം പതിനായിരം കടന്നേക്കുമെന്നും സാഞ്ചെസ് പറഞ്ഞു. 15 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ.

കൊറോണ വ്യാപനത്തില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 5374 ആയി. 122 രാജ്യങ്ങളിലായി ഒന്നരലക്ഷത്തോളംപേര്‍ ചികിത്സയിലാണ്.

ചൈനയ്ക്ക് പിന്നാലെ വൈറസ് കൂടുതല്‍ നാശം വിതച്ചത് ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലാണ്. അതേസമയം പല രാജ്യങ്ങളും അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുകയും മരണനിരക്ക് ഉയരുകയും ചെയ്തതോടെയാണ് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിച്ചത്.

Top