റഷ്യൻ നിർമിത എസ്-400ന്റെ ഇന്ത്യയിലെ പരീക്ഷണം ഉടന്‍ നടക്കുമെന്ന് റിപ്പോർട്ട്. ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമാണിത്. ചെറുകിട, ഇടത്തരം റേഞ്ച് മിസൈലുകളിലൊന്ന് പ്രയോഗിച്ച് എസ്–400 ന്റെ പരീക്ഷണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. പാക്ക്–ചൈന അതിര്‍ത്തികളില്‍ ഇപ്പോള്‍ തന്നെ എസ്-400 സംവിധാനം ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. എസ്–400 ന്റെ മൂന്നാമത്തെ യൂണിറ്റും ഇന്ത്യയിലെത്തി കഴിഞ്ഞു. ആദ്യത്തെ രണ്ട് എസ്–400 യൂണിറ്റുകൾ യഥാക്രമം വടക്കൻ, കിഴക്കൻ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. വ്യത്യസ്ത ശ്രേണിയിലുള്ള മിസൈലുകൾ ഉപയോഗിക്കാൻ ശേഷിയുള്ള എസ്–400ന് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, 400 കിലോമീറ്റർ വരെ ദൂരത്തിൽ പറക്കുന്ന ആളില്ലാ വിമാനങ്ങൾ എന്നിവയെ നേരിടാൻ കഴിയും.
എസ്-400 ട്രയംഫ് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരിശീലനത്തിനായി വ്യോമസേനയിലെ (ഐഎഎഫ്) നൂറിലധികം ഉദ്യോഗസ്ഥർ റഷ്യ സന്ദർശിച്ചിരുന്നു. റഷ്യൻ മിലിട്ടറിയിൽ നിന്നുള്ള സംയുക്ത സംഘമാണ് പരിശീലനം നൽകിയത്. എസ്–400 ന്റെ നിർമാതാക്കളും പരിശീലനം നൽകുന്നുണ്ട്. അമേരിക്കയുടെ ഭീഷണികളെ മറികടന്നാണ് 2018 ൽ ഇന്ത്യ അഞ്ച് എസ്-400 യൂണിറ്റുകൾ വാങ്ങാൻ തീരുമാനിച്ചത്. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് എസ്–400 വിന്യസിക്കുന്നത്. ലഡാക്കിലും അരുണാചൽ പ്രദേശിലുടനീളമുള്ള ടിബറ്റിലെ എൻഗാരി ഗാർ ഗുൻസയിലും നൈൻചി എയർബേസിലും ചൈന ഇതിനകം തന്നെ രണ്ട് എസ്-400 സ്ക്വാഡ്രണുകൾ വിന്യസിച്ചിട്ടുണ്ട്.
ലോകശക്തികളെല്ലാം ഭയക്കുന്ന ഒന്നാണ് റഷ്യൻ നിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400. ശത്രുക്കളുടെ പോര്‍ വിമാനങ്ങളും ഡ്രോണുകളും ബാലിസ്റ്റിക് – ക്രൂസ് മിസൈലുകളുമെല്ലാം 40 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലത്തില്‍ വെച്ച് തീര്‍ത്തുകളയാന്‍ എസ്–400 നാവും. ഇന്ത്യ വാങ്ങുന്ന ഈ പ്രതിരോധ സംവിധാനത്തെ ലോകശക്തികളുടെ പോർവിമാനങ്ങൾ പോലും ഭയക്കുന്നുണ്ടെന്നത് രഹസ്യമായ പരസ്യമാണ്. എന്തായിരിക്കും ഈ റഷ്യന്‍ ആയുധത്തെ അങ്ങേയറ്റത്തെ അപകടകാരിയാക്കുന്നത്?.
ഒരേസമയം വ്യത്യസ്തമായ ലക്ഷ്യങ്ങള്‍ ഭേദിക്കാനുള്ള ശേഷിയാണ് എസ്–400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന പ്രത്യേകതയായി എടുത്തുകാണിക്കുന്നത്. അമേരിക്കന്‍ മാധ്യമമായ 19 ഫോർടിഫൈവ് (19fortyfive) ല്‍ പ്രതിരോധ വിദഗ്ധനായ പീറ്റര്‍ സുസിയു എഴുതിയ ലേഖനത്തില്‍ എസ്–400നെക്കുറിച്ച് വിദമായി പറയുന്നുണ്ട്. 400 കിലോമീറ്റര്‍ ദൂരപരിധിയില്‍ 30 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ലക്ഷ്യം ഭേദിക്കാന്‍ എസ്–400ന് സാധിക്കുമെന്നാണ് സിസിയു പറയുന്നത്.
നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും കാറ്റില്‍പറത്തി റഷ്യ തങ്ങളുടെ ഈ ആയുധം നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്നും സിസിയു പറയുന്നു. എസ്–400 ആദ്യം ചൈനയ്ക്കും ബലാറസിനും പിന്നീട് തുര്‍ക്കിക്കും ഇന്ത്യയ്ക്കുമാണ് റഷ്യ നല്‍കിയിട്ടുള്ളത്. അമേരിക്കന്‍ വിലക്ക് ഭീഷണികള്‍ വകവെക്കാതെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഈ വ്യോമ പ്രതിരോധ സംവിധാനം സ്വന്തമാക്കിയത്.
മറ്റു രാജ്യങ്ങളുമായുള്ള സാമ്പത്തിക യുദ്ധത്തിനുള്ള ഉപകരണമായിട്ടും റഷ്യ ഈ മിസൈല്‍ സംവിധാനത്തെ ഉപയോഗിക്കുന്നുണ്ടെന്ന് സിസിയു പറയുന്നു. പ്രത്യേകിച്ചും അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധത്തില്‍. വാഷിങ്ടണില്‍ നിന്നുള്ള സമ്മര്‍ദത്തെ അതിജീവിച്ചാണ് തുര്‍ക്കി എസ്–400 റഷ്യയില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചത്. ഇത് അമേരിക്കയുടെ എഫ്–35 പോര്‍വിമാന പദ്ധതിയെ പോലും ബാധിച്ചിരുന്നു. എഫ്–35 പോര്‍വിമാനങ്ങളേക്കാള്‍ റഷ്യയുടെ എസ്–400 വ്യോമ പ്രതിരോധ സംവിധാനത്തിനാണ് തുര്‍ക്കി പ്രാധാന്യം നല്‍കിയത്.
എസ്–500 അണിയറയില്‍ ഒരുങ്ങുന്നുണ്ടെങ്കിലും എസ്–400ന്റെ അപ്‌ഡേഷനുകള്‍ നിര്‍മാതാക്കളായ അല്‍മാസ് അന്റേ തുടരുകയാണ്. പ്രത്യേകിച്ചും ഒരേസമയം ദീര്‍ഘദൂര ഹ്രസ്വദൂര ലക്ഷ്യങ്ങളെ ഭേദിക്കാനുള്ള സംവിധാനം എസ്–400ല്‍ ഉൾപ്പെടുത്തുകയാണ് നിര്‍മാതാക്കളുടെ അടുത്ത ലക്ഷ്യം. 2007ല്‍ നിര്‍മാണം ആരംഭിച്ച എസ്–400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ 71 ബറ്റാലിയനുകളിലായി 560 ലോഞ്ചറുകളെങ്കിലും റഷ്യ നിര്‍മിച്ചിട്ടുണ്ട്. എസ്–400ന്റെ മുന്‍ഗാമിയായ എസ്–300ന്റെ 1500 ലോഞ്ചറുകവും റഷ്യ നിര്‍മിച്ചിട്ടുണ്ട്.
എസ്–500 ന്റെ പരീക്ഷണം നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷമാണ് റഷ്യന്‍ പ്രതിരോധ മന്ത്രി അലെക്‌സി ക്രിവോറുച്‌കോ പറഞ്ഞത്. ആദ്യ ഘട്ട എസ്–500 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ 2021ല്‍ ഇറങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. നിര്‍മാണം പൂര്‍ണതോതില്‍ ആരംഭിക്കുക 2025 മുതലായിരിക്കും. 400 കിലോമീറ്റര്‍ മുതല്‍ 600 കിലോമീറ്റര്‍ വരെയായിരിക്കും എസ്–500 ന്റെ ശേഷിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹൈപ്പര്‍സോണിക് മിസൈലുകളെ ഭൂമിയോട് ചേര്‍ന്നുള്ള ബഹിരാകാശത്ത് വച്ച് തന്നെ തകര്‍ക്കാനും ഇവയ്ക്ക് കഴിയും.