ലണ്ടന്‍: ലോക ടെന്നീസിലും വാതുവയ്പ്പ് വ്യാപകമാണെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 16ഓളം ഗ്രാന്റ്സ്ലാം ജേതാക്കള്‍ അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം. ലോകടെന്നീസിന്റെ തലപ്പത്തുള്ള വന്‍ അഴിമതി സംബന്ധിച്ച രഹസ്യഫയലുകള്‍ തങ്ങള്‍ക്ക് ലഭിച്ചെന്നാണ് ബിബിസിയും ബസ്ഫീഡ് ന്യൂസും അവകാശപ്പെടുന്നത്.
സീസണിലെ ആദ്യ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റ് ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ഇന്ന് മെല്‍ബണില്‍ തുടങ്ങിയിരിയ്‌ക്കെയാണ് വലിയ പൊട്ടിത്തെറി ഉണ്ടാക്കിയേക്കാവുന്ന വിവാദം.
പുരുഷ ടെന്നീസിന്റെ അന്താരാഷ്ട്ര ഭരണസമിതിയായ എടിപി 2007ല്‍ തന്നെ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നെന്നും ഇതിന്റെ രേഖകള്‍ കൈവശമുണ്ടെന്ന് ബിബിസിയും ബസ്ഫീഡും അവകാശപ്പെടുന്നു. കോടിക്കണക്കിന് പൗണ്ടിന്റെ വാതുവയ്പ്പാണ് വിമ്പിള്‍ഡള്‍ ഉള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റഷ്യയിലും ഇറ്റലിയിലുമാണ് വാതുവയ്പ് കൂടുതലായും നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലെ സിസിലി ഇതിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ്. വിംബിള്‍ഡണിലെ മൂന്ന് മത്സരങ്ങളില്‍ വാതുവയ്പിലൂടെ മത്സരവിജയം തീരുമാനിച്ചിട്ടുണ്ട്.
2008ലെ റിപ്പോര്‍ട്ടില്‍ 28ഓളം കളിക്കാര്‍ക്ക് പങ്കുള്ളതായി ആരോപിച്ചിരുന്നുവെങ്കിലും തുടരന്വേഷണമുണ്ടായില്ലെന്ന് ബിബിസി പറയുന്നു. വാതുവയ്പുകാര്‍ കളിക്കാര്‍ക്ക് 50,000 ഡോളറില്‍ കൂടുതല്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.
വാതുവെയ്പ് സംബന്ധിച്ച് നിരീക്ഷണം നടത്തുന്ന യൂറോപ്യന്‍ സ്‌പോര്‍ട്‌സ് സെക്യൂരിറ്റി അസോസിയേഷന്‍ 50ഓളം സംശയകരമായ മത്സരങ്ങളെപ്പറ്റി ടെന്നീസ് ഇന്റഗ്രിറ്റി യൂണിയനെ ധരിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കളിക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ ബിബിസിയോ ബസ്ഫീഡോ തയ്യാറായിട്ടില്ല. വാതുവയ്പില്‍ പങ്കുണ്ടെന്ന് സംശയിയ്ക്കുന്ന എട്ട് പേര്‍ ആസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിയ്ക്കുന്നുണ്ട്.