കൊവിഡ് എന്ന മഹാമാരിയില്‍പെട്ട് ആഗോളതലത്തില്‍ ഇതുവരെ ഒരു ലക്ഷത്തി എണ്‍പത്തിയൊന്നായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 18,1569 മരണങ്ങളാണ് ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 4110 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി ഇരുപത്താറ് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്.
ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. ആയിരത്തോളം ജീവനുകളാണ് 24 മണിക്കൂറിനുള്ളില്‍ മാത്രം അമേരിക്കയില്‍ നഷ്ടമായത്. 831 മരണങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ നാല്‍പ്പത്താറായിരം പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം എട്ടേകാല്‍ ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.
യുകെയിലും കൊവിഡ് ഭീതി തുടരുകയാണ്. ഇന്ന് ഇതുവരെ 763 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ പതിനെണ്ണായിരം കടക്കുകയും ചെയ്തു. നാലായിരത്തിലേറെ പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 13,3495 ആയിട്ടുണ്ട്. അതേസമയം ഇറ്റലിയിലാകട്ടെ ഇന്ന് 437 മരണങ്ങളാണ് 12 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 25,085 ജീവനുകളാണ് കൊവിഡ് അപഹരിച്ചത്.
സ്‌പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളിലും കനത്ത ആശങ്കയാണ് കൊവിഡ് വിതയ്ക്കുന്നത്. സ്‌പെയിനില്‍ 435 മരണങ്ങളാണ് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടുത്തെ മൊത്തം മരണസംഖ്യ 21,717 ആയിട്ടുണ്ട്. ഫ്രാന്‍സിലെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. മൊത്തം മരണസംഖ്യ 20,796 ആയിട്ടുണ്ട്. ബെല്‍ജിയത്തിലാകട്ടെ 264 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടുത്തെ മൊത്തം മരണസംഖ്യ ആറായിരത്തി മുന്നൂറോളമായിട്ടുണ്ട്.