അടുത്ത വിപ്ലമാവാൻ ‘വേള്‍ഡ്‌കോയിന്‍’; വിമർശനവും അന്വേഷണവും

ല്ലാ രാജ്യങ്ങളിലും പണം ഗവണ്‍മെന്റുകളുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ ആധുനിക കാലത്ത് പണത്തിനുമേലുള്ള അധികാരികളുടെ അധീശത്വം മാറ്റാനുള്ള ആദ്യത്തെ ചുവടുവയ്പ്പുകളിലൊന്നായിരുന്നു ബിറ്റ്‌കോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സിയുടെ അവതരണം. ബ്ലോക്‌ചെയിന്‍ എന്നറിയപ്പെടുന്ന ആ പിയര്‍-ടു-പിയര്‍ പണക്കൈമാറ്റ സംവിധാനത്തിലേക്കു ചൂഴ്ന്നിറങ്ങാൻ ആര്‍ക്കും സാധ്യമല്ല. സർക്കാർ നിയന്ത്രണത്തിലല്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോകറന്‍സികളെ പ്രോത്സാഹിപ്പിക്കരുതെന്നു ആര്‍ബിഐ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ബിറ്റ്‌കോയിനു ശേഷം പല ക്രിപ്‌റ്റോകറന്‍സികളും അവതരിപ്പിക്കപ്പെടുകയും അവയില്‍ ചിലത് അന്‍പേ പരാജയപ്പെടുകയും, നിക്ഷേപിച്ചവര്‍ക്ക് കനത്ത നഷ്ടം ഉണ്ടാക്കുകയും ചെയ്തു. കനത്ത തകര്‍ച്ചകള്‍ക്കും, വന്‍ തട്ടിപ്പുകള്‍ക്കും ശേഷം കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി വലിയ അനക്കമൊന്നുമില്ലാതെ നില്‍ക്കുകയായിരുന്നു ക്രിപ്‌റ്റോ മേഖല. എന്നാലിപ്പോള്‍ വേള്‍ഡ്‌കോയിന്റെ അവതരണത്തോടെ പെട്ടെന്ന് ഞെട്ടിയുണര്‍ന്നിരിക്കുകയാണ് ലോകം.

ക്രിപ്‌റ്റോകറന്‍സി മാത്രമല്ല മറ്റു പല സാധ്യതകളും ഇതിനുണ്ട്. ബിറ്റ്‌കോയിന്റെ സൃഷ്ടാവായ സറ്റോഷി നക്കമോട്ടോ ആരാണ് എന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍, വേള്‍ഡ്‌കോയിന്റെ സൃഷ്ടാവ് ലോകത്തിന് സുപരിചിതനാണ്. അത്, ലോകത്തെ ഞെട്ടിച്ച എഐ സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാന്‍ ആണ്.

ക്രിപ്‌റ്റോ നാണയവ്യവസ്ഥ വേള്‍ഡ്‌കോയിന്റെ സാധ്യതകളില്‍ ഒന്നുമാത്രമാണ്. വേള്‍ഡ് ഐഡിയാണ് പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ സിവിശേഷത. അംഗങ്ങള്‍ക്ക് ആഗോള തലത്തില്‍ ഒരു സവിശേഷ ഐഡി നല്‍കുകയാണ് കമ്പനി ചെയ്യുന്നത്. ആ നിലയില്‍ ഇതൊരു ഡിജിറ്റൽ ഐഡന്റിഫിക്കേഷന്‍ പ്ലാറ്റ്‌ഫോമും ആണ്.

ലോകത്തുളള ഓരോ വ്യക്തിക്കും അയാളുടെ പൗരത്വമോ, പശ്ചാത്തലമോ പരിഗണിക്കാതെ മറ്റാര്‍ക്കുമില്ലാത്ത ഒരു ഐഡന്റിറ്റി നല്‍കുകയാണ് വേള്‍ഡ്‌കോയിന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടെ എത്തുന്നതോടെ, ഇനി വരുന്ന കാലത്ത് ഒരാളായി ഭാവിച്ച് ആള്‍മാറാട്ടം നടത്തുക വളരെ എളുപ്പമായിരിക്കും എന്നതിനാല്‍, വേള്‍ഡ്‌കോയിന്റെ ഐഡിപ്രൂഫ് തകര്‍ക്കാനാകാത്ത സുരക്ഷ നൽകുമെന്നാണ് അവകാശവാദം.

പ്രൂഫ് ഓഫ് പഴ്‌സണ്‍ഹുഡ് എന്നാണ് ഈ സംവിധാനത്തെ വിളിക്കുന്നത്. ഐറിസ് സ്‌കാന്‍ ചെയ്തും, രാജ്യങ്ങള്‍ നല്‍കിയിരിക്കുന്ന ഡിജിറ്റല്‍ ഐഡി സമര്‍പ്പിച്ചും വേണം വേള്‍ഡ് ഐഡി സ്വന്തമാക്കാന്‍. ഒരാള്‍ക്കും രണ്ടാമത് ഒരു വേള്‍ഡ് ഐഡി സൃഷ്ടിച്ചെടുക്കാന്‍ ഒരിക്കലും സാധ്യമല്ലെന്നും പറയുന്നു. ഇവയെല്ലാം വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. പക്ഷെ, ഇതെല്ലാം ലോകത്തെ ആദ്യത്തെ ശരിക്കുള്ള ക്രിപ്‌റ്റോകറന്‍സി ആകാനുളള ശ്രമത്തിന്റെ ഭാഗമാണെന്നാണ് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

വേള്‍ഡ്‌കോയിന്‍ വേണ്ടവര്‍ക്ക് ഇപ്പോള്‍ സൈന്‍-അപ് ചെയ്യാം. ഇതുവരെ 22 ലക്ഷത്തിലേറെ പേര്‍ സൈന്‍-അപ് ചെയ്തു എന്ന് റോയിട്ടേഴ്‌സ്. ചില രാജ്യങ്ങളില്‍ അംഗങ്ങള്‍ക്ക് ക്രിപ്‌റ്റോ ഫ്രീയായും നല്‍കുന്നു. ബ്ലോക്‌ചെയിന്‍ കേന്ദ്രീകൃതമായ ഐഡന്റിറ്റിആന്‍ഡ് ഫൈനാന്‍ഷ്യല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുക എന്നതാണ് സാമിന്റെ സ്വപ്‌നം.

ബിറ്റ്‌കോയിന്റെ മൂല്യം പോലെയല്ല വേള്‍ഡ്‌കോയിന്റെ വില ഇപ്പോള്‍. ഏകദേശം 2-2.50 ഡോളര്‍ മാത്രം. എന്നാല്‍ ഇത് സ്ഥിരത കാണിക്കുന്നു. വേള്‍ഡ്‌കോയിന്റെ ധവളപത്രത്തില്‍ പറയുന്നത് അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 10 ബില്ല്യന്‍ ഡോളറിന്റെ മൂല്യത്തിനുള്ള ടോക്കണുകള്‍ പുറത്തിറക്കുമെന്നാണ്. ഇതുവരെ പ്രചരിക്കുന്നത് ഏകദേശം 120 ദശലക്ഷം ടോക്കണുകളാണ്.

പുതിയ സംവിധാനം മൊത്തത്തില്‍ അറിയപ്പെടുന്നത് ക്രിപ്‌റ്റോവേഴ്‌സ് എന്നാണ്. ഇതിന് പിന്തുണ നല്‍കാന്‍ ലോകത്തെ ഏറ്റവും വലിയ എയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളില്‍ ഒന്നായ ആന്‍ഡ്രീസന്‍ ഹൊറോവിറ്റ്‌സ് അടക്കം പലരുമുണ്ട്. അതേസമയം, ബ്ലോക്‌ചെയിൻ കേന്ദ്രീകൃത ഐഡി നല്‍കാന്‍ ശ്രമിക്കുന്ന ആദ്യത്തെ കമ്പനിയൊന്നുമല്ല വേള്‍ഡ് കോയിന്‍.

പക്ഷെ മറ്റൊരു കമ്പനിക്കും വേള്‍ഡ്‌കോയിന്‍ മുന്നോട്ടുവയ്ക്കുന്ന തരത്തിലുള്ള ബൃഹത്തായ സ്വപ്‌നങ്ങളില്ല. അനിയന്ത്രിതമായി എഐ ബോട്ടുകള്‍ വിഹരിക്കാന്‍ ഒരുങ്ങുന്ന ഇന്റര്‍നെറ്റില്‍ മനുഷ്യരാരാണ്, ബോട്ടുകൾ ഏതാണ് എന്നു തിരിച്ചറിയന്‍ പണിപ്പെടേണ്ടിവരും എന്ന ആശയമാണ് ആള്‍ട്ട്മാനും കൂട്ടരും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

വേള്‍ഡ്‌കോയിന്‍ തങ്ങളുടെ പൗരന്മാരുടെ ഐറിസ് സ്‌കാന്‍ ചെയ്യുന്നത് തടയണമെന്നു ആദ്യം ഉത്തരവിട്ട രാജ്യം കെനിയ ആണ്. ഈ സംവിധാനത്തെക്കുറിച്ച സമഗ്ര അന്വേഷണം നടത്തുന്ന രാജ്യങ്ങളിലൊന്ന് ജര്‍മ്മനിയാണ്. പല തരം സന്ദേഹങ്ങളും ഇതെക്കുറിച്ച്നിലനില്‍ക്കുന്നു. എന്തായാലും, വേള്‍ഡ്‌കോയിന്‍ വിപ്ലവകരമായ ഒരു ആശയമാണോ അതോ ‘ചീറ്റിപ്പോകുമോ’ എന്നൊക്കെ വരും വര്‍ഷങ്ങള്‍ക്കു മാത്രമെ സാക്ഷിയാകാന്‍ സാധിക്കൂ.

എന്തായാലും, വേള്‍ഡ്‌കോയിന്‍ അംഗത്വം പരിപൂര്‍ണ്ണമായും സ്വകാര്യമായിരിക്കുമെന്നും, അംഗങ്ങളെക്കുറിച്ചുള്ള ഒരുഡേറ്റയും അംഗം ആവശ്യപ്പെടുന്നില്ലെങ്കില്‍ കൈമാറില്ലെന്നും ഈ സംവിധാനത്തിനു അവകാശവാദമുണ്ട്. അതിനെല്ലാം പുറമെ, തങ്ങള്‍ ഓരോ രാജ്യത്തെയും അധികാരികള്‍ പറയുന്നതു കേള്‍ക്കാന്‍ തയാറാണെന്നും വേള്‍ഡ്‌കോയിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

Top