യൂറോപ്പിലെ കുഞ്ഞന്‍ രാജ്യമായ ക്രൊയേഷ്യ ലോകത്തെയൊട്ടാകെ അമ്പരപ്പിച്ച് ലോകകപ്പ് ഫൈനലില്‍ എത്തിയിരിക്കുകയാണ്. ഇനി ലോകരാജാക്കന്മാരെ നിര്‍ണയിക്കാനുള്ള ദിനമാണ്. ജൂലൈ 15ന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സാണ് ക്രൊയേഷ്യയുടെ എതിരാളികള്‍.
രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ ചരിത്രം കുറിച്ചാണ് ക്രൊയേഷ്യ ഫൈനലില്‍ കടന്നത്. ക്രൊയേഷ്യക്കെതിരെ കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ വല കുലുക്കിയ ഇംഗ്ലീഷ് പോരാളികള്‍ ആദ്യ പകുതിയില്‍ മേല്‍ക്കോയ്മ നിലനിര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ ക്രൊയേഷ്യകളി പിടിച്ചെടുക്കുകയായിരുന്നു.
എക്‌സട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തില്‍ 109-ാം മിനിറ്റില്‍ മാന്‍സുകിച്ച് ക്രൊയേഷ്യന്‍ വീരഗാഥ രചിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പിന്റെ കലാശപ്പോരിനിറങ്ങുന്നത്. ഇന്ത്യന്‍ സമയം 8.30നാണ് മത്സരം ആരംഭിക്കുന്നത്.