ലോകപ്രശസ്ത ഹാഗിയ സോഫിയ മ്യൂസിയം പള്ളിയായി തുറന്നുകൊടുക്കുന്നു

തുര്‍ക്കി: ഇസ്താംബൂളിലെ ലോകപ്രശസ്ത ഹാഗിയ സോഫിയ മ്യൂസിയം പള്ളിയായി തുറന്നുകൊടുക്കുമെന്ന് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. വരുന്ന ജൂലൈ 24 മുതലാണ് മ്യൂസിയം പള്ളിയായി തുറന്നുകൊടുക്കുന്നത്. 1934ലെ മന്ത്രിസഭാ തീരുമാനമാണ് സ്റ്റേറ്റ് കൌണ്‍സില്‍ എതിരില്ലാതെ റദ്ദാക്കിയത്. ഹാഗിയ സോഫിയയും വസ്തുവകകളും പള്ളിയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങളുള്ള കെട്ടിടങ്ങളില്‍ ഒന്നാണ് ഹാഗിയ സോഫിയ. ആറാം നൂറ്റാണ്ടില്‍ (എ.ഡി 537 ) നിര്‍മിച്ച ഈ കെട്ടിടം കോണ്‍സ്റ്റാന്റിനോപ്പിളിലെ ബൈസാന്റിയന്‍ നിര്‍മിതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഇത് നിര്‍മിച്ചത്.

ആദ്യ കാലത്ത് ഒരു ക്രിസ്ത്യന്‍ കത്തീഡ്രലായിരുന്ന ഹാഗിയ സോഫിയ(ചര്‍ച്ച് ഓഫ് ദ് ഹോളി വിസ്ഡം) 1453 ല്‍ ഓട്ടോമന്‍ സാമ്രാജ്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെ പള്ളിയായി മാറുകയായിരുന്നു. പില്‍ക്കാലത്ത് ഈ കെട്ടിടം മ്യൂസിയമായി മാറ്റിയിരുന്നു. 1935 മുതല്‍ ഇത് മ്യൂസിയമായി നിലകൊള്ളുകയാണ്. 1985 ല്‍ ഇസ്താംബൂളിലെ ചരിത്രസ്മാരകങ്ങളോടൊപ്പം ഹഗിയ സോഫിയയെ യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Top