പുരുഷ ഗര്‍ഭനിരോധന ഉപാധി ലോകത്തില്‍ ആദ്യമായി വിജയകരമായി നടപ്പാകാനുള്ള സാധ്യത ഒരുക്കി. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച മരുന്ന് പുരുഷന്റെ നാഭിയില്‍ കുത്തിവെച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ റെഗുലേറ്ററി അധികൃതര്‍ മരുന്നിന് അംഗീകാരം നല്‍കാനുള്ള നടപടികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. 13 വര്‍ഷം ഇതിന്റെ ഗുണം നിലനില്‍ക്കും.
അനസ്‌തേഷ്യ നല്‍കിയ ശേഷം വൃഷണഭാഗത്തേക്ക് ഒരു പോളിമര്‍ കുത്തിവെയ്ക്കുന്നതാണ് രീതി. ഇതുവഴി ബീജങ്ങള്‍ പുറത്തേക്ക് വരുന്ന ട്യൂബ് തടയുകയാണ് ചെയ്യുന്നത്. ഈ പ്രതിവിധി അംഗീകാരം നേടിയാല്‍ ലോകത്തിലെ ആദ്യത്തെ പുരുഷ ഗര്‍ഭനിയന്ത്രണ ഉപാധിയായി ഇത് മാറും. പുരുഷന്‍മാര്‍ക്ക് നല്‍കുന്ന വാസെക്ടമിയ്ക്ക് പുറമെ, സ്ത്രീകള്‍ വന്‍തോതില്‍ ഉപയോഗിക്കേണ്ടി വരുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്കും ഈ കണ്ടെത്തല്‍ പ്രതിവിധിയാകും.
ഉത്പന്നം തയ്യാറായിക്കഴിഞ്ഞെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ആര്‍എസ് ശര്‍മ്മ വ്യക്തമാക്കി. ഡ്രഗ്‌സ് കണ്‍ട്രോളറുടെ റെഗുലേറ്ററി അനുമതി മാത്രമാണ് ഇനി ബാക്കി. കാല്‍നൂറ്റാണ്ടായി ഈ മരുന്ന് വികസിപ്പിക്കാനുള്ള യത്‌നത്തിലായിരുന്നു ഡോ. ശര്‍മ്മ. ഈ ഗര്‍ഭനിരോധന മാര്‍ഗ്ഗത്തിന്റെ പ്രധാന ഭാഗമായ പോളിമര്‍ വികസിപ്പിച്ചത് ശാസ്ത്രജ്ഞനായ ഡോ. സുജോയ് കുമാര്‍ ഗുഹയാണ്. ഇതിനായി 37 വര്‍ഷക്കാലമാണ് ഇദ്ദേഹം യത്‌നിച്ചത്.
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്ത്രീകളാണ് പ്രധാനമായും സ്വീകരിക്കേണ്ടി വരുന്നത്. പുരുഷന്‍മാരിലെ വാസെക്ടമി ഇതിന്റെ ഒരു ശതമാനം മാത്രമേ വരൂ. യുഎസിലെ കണക്കുകള്‍ പ്രകാരം 99 ശതമാനം സ്ത്രീകളുടെ പ്രത്യുല്‍പാദന കാലഘട്ടത്തില്‍ ഏതെങ്കിലും ഗര്‍ഭനിരോധന മാര്‍ഗ്ഗം തേടിയവരാണ്. ഗര്‍ഭനിരോധനം സ്ത്രീകളുടെ ഉത്തരവാദിത്വമാണെന്ന ആശയത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ നേട്ടം വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.
അമേരിക്കയില്‍ ഉള്‍പ്പെടെ വികസിപ്പിച്ച മാര്‍ഗ്ഗങ്ങള്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഇന്ത്യയുടെ മരുന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് പരീക്ഷണങ്ങളില്‍ മൂന്ന് ട്രയലും വിജയകരമായി പൂര്‍ത്തിയാക്കി. ലോകത്തിലെ ആദ്യത്തെ പുരുഷ ഗര്‍ഭനിരോധന ഉപാധിയെന്ന് ഈ ഉത്പന്നത്തെ വിളിക്കാമെന്ന് ഡോ. ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.