ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ്: ടിക് ടോക്കിനെ പിന്നിലാക്കി ഇന്‍സ്റ്റാഗ്രാം

ലോകത്തെ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് എന്ന നേട്ടം കൈവരിച്ച് ഇന്‍സ്റ്റാഗ്രാം. ടിക് ടോക്കിനെ മറികടന്നാണ് ഇന്‍സ്റ്റാഗ്രാമിന്റെ ഈ മുന്നേറ്റം. 2010 ല്‍ അവതരിപ്പിക്കപ്പെട്ട ഇന്‍സ്റ്റാഗ്രാം ആഗോള തലത്തില്‍ യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായിരുന്നു. എന്നാല്‍ ടിക് ടോക്കിന്റെ വരവ് ഇന്‍സ്റ്റാഗ്രാമിനെ പിന്നോട്ടുവലിച്ചു.

റീല്‍സ്, ഫോട്ടോഷെയറിങ്, സ്‌റ്റോറീസ് ഉള്‍പ്പടെയുള്ള ഫീച്ചറുകളിലൂടെയാണ് ഇന്‍സ്റ്റാഗ്രാം വീണ്ടും സ്വീകാര്യത പിടിച്ചുപറ്റിയതെന്ന് വിപണി വിശകലന സ്ഥാപനമായ സെന്‍സര്‍ ടവര്‍ പറയുന്നു. റീല്‍സിലൂടെ കൃത്യ സമയത്ത് ടിക് ടോക്കിന് മറുപടി നല്‍കാന്‍ ഇന്‍സ്റ്റാഗ്രാമിന് സാധിച്ചു. യുഎസ് കമ്പനി ആയതും ഇന്‍സ്റ്റാഗ്രാമിന് നേട്ടമായിട്ടുണ്ട്.

സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് അനുസരിച്ച് 150 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ഇന്‍സ്റ്റാഗ്രാമിന്. ടിക് ടോക്കിന് 110 കോടിയ്ക്ക് മുകളിലാണ്. ടിക് ടോക്കിനാണ് ഏറ്റവും സജീവമായ ഉപഭോക്താക്കളുള്ളത്. ദിവസേന 95 മിനിറ്റ് നേരം ടിക് ടോക്ക് ഉപഭോക്താക്കള്‍ ആപ്പില്‍ ചിലവഴിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 65 മിനിറ്റ് നേരമാണ് ചിലവഴിക്കുന്നത്.

ടിക് ടോക്കിന്റെ ജനപ്രീതി വലിയൊരു വെല്ലുവിളിയാണെന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തുറന്നു സമ്മതിച്ചതാണ്. ഇന്‍സ്റ്റാഗ്രാം റീല്‍സ് ഉള്‍പ്പടെ വിവിധങ്ങളായ മറ്റ് ഷോര്‍ട്ട് വീഡിയോ ആപ്പുകളും ടിക് ടോക്കിനെ മാതൃകയാക്കി രംഗത്തുവന്നിരുന്നു. എന്നാല്‍ ഇന്‍സ്റ്റാഗ്രാമിന് ആഗോള തലത്തില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന സ്വീകാര്യത റീല്‍സ് ഫീച്ചറിന്റെ പ്രചാരത്തിനും സഹായകമായി.ടിക് ടോക്ക് നിരോധിക്കപ്പെട്ട ഇന്ത്യയില്‍ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമില്‍ ഇന്ത്യന്‍ എതിരാളികളുണ്ടായിരുന്നിട്ടും അതിവേഗം ആ സ്ഥാനം പിടിച്ചടക്കാന്‍ ഇന്‍സ്റ്റാഗ്രാം റീല്‍സിന് സാധിച്ചിരുന്നു.

ഇപ്പോള്‍ യുഎസിലും ടിക് ടോക്ക് നിരോധന ഭീഷണി നേരിടുകയാണ്. ചൈനീസ് ബന്ധം അവസാനിപ്പിക്കാനോ സേവനം അവസാനിപ്പിക്കാനോ ടിക് ടോക്കിനെ നിര്‍ബന്ധിതരാക്കുന്ന പുതിയ നിയമത്തിനായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു ബില്‍ ഇതിനകം യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു. യുഎസില്‍ ടിക് ടോക്കിന് നിരോധനം നേരിട്ടാല്‍ അതും ഇന്‍സ്റ്റാഗ്രാമിന് ഗുണം ചെയ്യാനാണ് സാധ്യത.

Top