അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അറബിക്കടലിന്റെ തെക്കു കിഴക്ക് ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ ആറു മുതല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്ന ദിവസം വരെ കടലില്‍ പോകരുതെന്നും അതോറിറ്റി നിര്‍ദേശം നല്‍കി.

ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെട്ട് ഏഴ്, എട്ട് തീയതികളില്‍ അറബിക്കടലിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാലാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ ഒക്ടോബര്‍ അഞ്ചിനു മുന്‍മ്പ് സുരക്ഷിതമായി തീരത്തെത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Top