ന്യൂഡല്‍ഹി: ജനങ്ങളെ ബോധ്യപ്പെടുത്തി സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്‍പോട്ട് പോകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ബജറ്റില്‍ വിഹിതം ആവശ്യപ്പെടുമെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. ബജറ്റിന് മുന്നോടിയായി കേന്ദ്രം വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയില്ലെത്തിയതാണ് കെ എന്‍ ബാലഗോപാല്‍.
രണ്ടാം പിണറായി സര്‍ക്കാരിന്റെ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ കെ റെയിലിനായി വീടുകള്‍ തോറും പ്രചാരണം നടത്താന്‍ തീരുമാനം. കെ റെയിലിനായി വീടുകളില്‍ നേരിട്ടെത്തി പ്രചാരണം നടത്താനാണ് സിപിഎം തീരുമാനം. ജനങ്ങളുടെ പിന്തുണ തേടി ലഘുലേഖ പുറത്തിറക്കി.
കെ റെയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ലെന്നാണ് സിപിഎം ഉന്നയിക്കുന്ന ഒരു വാദം. പദ്ധതി യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും. ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നും സിപിഎം പറയുന്നു.