അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കും; ഇന്ത്യക്കാരില്‍ നിന്ന് 94,000 രൂപ ഫീസ് ഈടാക്കുമെന്ന് എല്‍ സാല്‍വദോര്‍!

ധ്യ അമേരിക്കന്‍ രാജ്യത്തിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുന്നതിനായി ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള യാത്രക്കാരില്‍ നിന്ന് 1,000 ഡോളര്‍ (94,000 രൂപ) ഫീസ് ഈടാക്കാന്‍ എല്‍ സാല്‍വദോര്‍ തീരുമാനിച്ചു. ഇന്ത്യയില്‍ നിന്നോ 57 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നോ യാത്ര ചെയ്യുന്ന ആളുകള്‍ ഫീസ് അടയ്ക്കാന്‍ ബാധ്യസ്ഥരായിരിക്കുമെന്ന് എല്‍ സാല്‍വദോര്‍ പോര്‍ട്ട് അതോറിറ്റി വെബ്സൈറ്റില്‍ അറിയിച്ചു. ഇങ്ങനെ സമാഹരിക്കുന്ന തുക രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

ഇന്ത്യക്കാര്‍ക്കും ആഫ്രിക്കക്കാര്‍ക്കുമുള്ള പുതിയ ഫീസ് ഒക്ടോബര്‍ 23 ന് പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപയോഗം വര്‍ധിച്ചതിനാലാണ് ഈ ഫീസ് ചുമത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും 57 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ പട്ടിക വിമാന കമ്പനികള്‍ ദിവസവും സാല്‍വദോര്‍ അധികൃതര്‍ക്ക് കൈമാറാനും നിര്‍ദേശമുണ്ട്. കൊളംബിയന്‍ വിമാന കമ്പനിയായ അവിയാന്‍ക, പുതിയ ഫീസ് സംബന്ധിച്ച് യാത്രക്കാരക്ക് അറിയിപ്പ് നല്‍കി. പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സാല്‍വദോറിലേക്കുള്ള വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് നിര്‍ബന്ധിത ഫീസ് നല്‍കണമെന്നാണ് യാത്രക്കാരെ അറിയിച്ചത്.

ഈ വര്‍ഷം യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ 32 ലക്ഷം കുടിയേറ്റക്കാരെ തടഞ്ഞു. ആഫ്രിക്കയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള നിരവധി കുടിയേറ്റക്കാര്‍ മധ്യ അമേരിക്ക വഴി അമേരിക്കയില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. അനിയന്ത്രിതമായ കുടിയേറ്റം നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയിബ് ബുകെലെ, യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ബ്രയാന്‍ നിക്കോള്‍സുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

Top