വയനാട്: മഴയും കാറ്റും വീണ്ടും ശക്തമായതോടെ വയനാട് കരുവാരക്കുണ്ടിന് സമീപം കല്‍കുണ്ടിലും മട്ടിപ്പാറ വനത്തിനുള്ളിലും വീണ്ടും ഉരുള്‍പൊട്ടി. ആളപായമില്ല. താമരശ്ശേരി ചുരത്തിലെ ഒന്‍പതാം വളവിലും ഉരുള്‍പൊട്ടലുണ്ടായി.
കോഴിക്കോട് കണ്ണപ്പന്‍കുണ്ട് പുഴയില്‍ ശക്തമായ മഴവെള്ളപ്പാച്ചിലുണ്ട്. വയനാട് മക്കിമലയില്‍ ഉരുള്‍പൊട്ടി. തലപ്പുഴയ്ക്കടുത്ത് കമ്പിപ്പാലത്ത് തോട്ടില്‍വീണ് ഒരാളെ കാണാതായി.
പ്രദേശത്തെ മരിച്ചവീട്ടില്‍ വന്ന ആളെയാണ് തോട്ടില്‍ വീണ് കാണാതായത്. ഇയാള്‍ക്ക് വേണ്ടി രാവിലെ മുതല്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും മഴ ശക്തിപ്രാപിച്ചതും മലവെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നുണ്ട്. തലപ്പുഴ, പേര്യ ഭാഗങ്ങളിലെ തോടുകളെല്ലാം നിറഞ്ഞു കവിഞ്ഞു.
കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ വളരെ ശക്തമായതിനാല്‍ കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ സാധ്യതയുണ്ടെന്നും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പരിസരവാസികളും ജാഗ്രത പാലിക്കണമെന്നും കക്കയം ഡാം സേഫ്റ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ മാവൂര്‍, താമരശ്ശേരി,കാരശ്ശേരി, കുറ്റ്യാടി ഭാഗങ്ങളിലാണ് അതിശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടുവരുന്നത്. തോടുകളും പുഴകളും കരകവിഞ്ഞൊഴുകയാണ്. പലയിടങ്ങളിലും കൃഷി സ്ഥലങ്ങളും പാടങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലായി.