വനിതാ ഐപിഎല്‍ താരലേലം ഇന്ന്

മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള താരലേലം ഇന്ന്. മുംബൈയിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് താരലേലം തുടങ്ങുക. സ്പോർട് 18 ചാനലിൽ ലേലം തത്സമയം കാണാം. ആദ്യ പതിപ്പിൽ അഞ്ച് ടീമുകളാണുള്ളത്. ഓരോ ടീമിനും 12 കോടി രൂപയാണ് ലേലത്തിന് അനുവദിച്ചിരിക്കുന്ന തുക. 163 വിദേശ താരങ്ങൾ ഉൾപ്പടെ 409 താരങ്ങളാണ് ലേലത്തിലുള്ളത്.

50 ലക്ഷം രൂപയാണ് ഉയർന്ന അടിസ്ഥാന വില. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന, ദീപ്തി ശർമ, ഷെഫാലി വർമ എന്നിവരടക്കം 24 താരങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ഓസ്ട്രേലിയയുടെ യെല്ലിസ് പെറി, ഇംഗ്ലണ്ടിന്റെ സോഫിയ എക്ലെസ്റ്റോൺ, ന്യൂസിലൻഡിന്റെ സോഫി ഡിവൈൻ തുടങ്ങി 14 വിദേശ താരങ്ങളും ഈ ഗണത്തിൽ വരും.

ഇന്ത്യൻ താരങ്ങളിൽ സ്മൃതി മന്ഥാന, ഹർമൻപ്രീത് കൗർ, ഷഫാലി വർമ്മ, ഓൾറൗണ്ടർ ദീപ്തി ശർമ്മ എന്നിവർക്കായി വാശിയേറിയ ലേലം പ്രതീക്ഷിക്കുന്നു. നാലു പേരും ഒരു കോടി ക്ലബ്ബിൽ എത്തുമെന്നാണ് വിലയിരുത്തൽ. പ്രധാന താരങ്ങളുടെ ലേലത്തുക ഒന്നേ കാൽ കോടിക്കും 2 കോടിക്കും ഇടയിൽ എത്തിയേക്കും. വിദേശതാരങ്ങളിൽ അലീസ ഹീലി, ബെത്ത് മൂണി, എലീസ് പെറി , നാറ്റ്
സ്കീവർ എന്നിവർക്കായി ടീമുകൾ സജീവമായി രംഗത്തെത്തിയേക്കും

ആറ് വിദേശതാരങ്ങൾ അടക്കം പരമാവധി 18 കളിക്കാരെയാണ് ഓരോ ടീമിനും സ്വന്തമാക്കാനാവുക. ആകെ 90 കളിക്കാരെയാണ് ലേലത്തിലൂടെ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, അദാനി ഗ്രൂപ്പ്, കാപ്രി ഗ്ലോബൽ എന്നിവരുടെ ഉടമസ്ഥതതയിലുള്ള അഞ്ച് ടീമുകളും ചേർന്ന് സ്വന്തമാക്കുക.

വനിതാ ഐപിഎല്ലിൻറെ പ്രഥമ സീസണിൽ ആകെ 22 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയൻറ്സിൻറെയും ജുലൻ ഗോസ്വാമി മുംബൈ ഇന്ത്യൻസിൻറെയും മെൻറർമാരാണ്. മാർച്ച് നാലു മുതൽ 26 വരെയാണ് ആദ്യ വനിതാ ഐപിഎൽ. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ടൂർണമെൻറ് നടക്കുക.

Top