ന്യൂഡല്‍ഹി: ഗുസ്തി താരം സുശില്‍ കുമാറിന്റെ അമ്മ കമല ദേവി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും.
കോടതിയുടെ തീരുമാനത്തിന് മുമ്പുതന്നെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പ്രതിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിച്ച് എല്ലാ വിവരങ്ങളും മാധ്യമങ്ങളിലേക്ക് ചോര്‍ത്തുന്നത് തടയണം.
അദ്ദേഹത്തിന്റെ കരിയറിന് ഇത് ദോഷമാണെന്നും പരാതിക്കാരായ സുശീല്‍ കുമാറിന്റെ അമ്മ കമല ദേവി, ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥി ശ്രീകാന്ത് പ്രസാദ് എന്നിവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം 23 കാരനായ ഗുസ്തി താരം സാഗര്‍ ധങ്കറിനെ കൊലപ്പെടുത്തിയ കേസില്‍ ഗുസ്തി താരം സുശീല്‍ കുമാറിനെ ഡല്‍ഹി കോടതി റിമാന്‍ഡ് ചെയ്തു.
38കാരനായ സുശീല്‍ കുമാറിനെയും കൂട്ടാളിയായ അജയ് ബക്കര്‍വാലയെയും ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലിന്റെ സംഘം ഞായറാഴ്ച തലസ്ഥാനത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു. സുശീല്‍ കുമാറിന്റെ കൂട്ടാളികളായ നാല് പേരെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.