ഡൽഹി: റെസ്‌ലിങ് ഫെഡറേഷനെതിരായ പ്രതിഷേധം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ. കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി ശനിയാഴ്ച പുലർച്ചെ വരെ നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം. താരങ്ങൾ ഉന്നയിച്ച ആരോപണങ്ങളും പരാതിയും സമഗ്രമായി അന്വേഷിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
ഇതിനായി ഒരു മേൽനോട്ട സമിതിയെ നിയോഗിക്കും. സമിതി ലൈംഗിക ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടും അന്വേഷിക്കും. നാലാഴ്ചക്കകം നീതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സമിതി അംഗങ്ങളെ ഇന്ന് പ്രഖ്യാപിക്കും.
അത് വരെ ആരോപണവിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിങ് റെസ്‌ലിങ് ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറി നിൽക്കും. ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾ ഈ സമിതിയാകും നിർവഹിക്കുക.
ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്ന് ഗുസ്തി താരം ബജ്റംഗ് പുനിയ പറഞ്ഞു. അനുരാഗ് ഠാക്കൂറിന്റെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു ചർച്ച നടന്നത്.