ഡല്‍ഹി: ഒളിംപിക്‌സ് ട്രയല്‍സ് മത്സരങ്ങള്‍ നടത്താനുള്ള ദേശീയ ഗുസ്തി ഫെഡറേഷന്റെ തീരുമാനത്തിനെതിരെ ഗുസ്തി താരങ്ങളായ ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും.
ഈ മാസം 10നും 11നും ഡല്‍ഹിയില്‍ ഒളിംപിക്‌സ് ട്രയല്‍സ് നടത്തുമെന്നാണു ഫെഡറേഷന്‍ ഭരണസമിതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നിയോഗിച്ച അഡ്‌ഹോക് സമിതിയും അന്നുതന്നെ പഞ്ചാബിലെ പട്യാലയില്‍ ട്രയല്‍സ് നിശ്ചയിച്ചിട്ടുണ്ട്. ദേശീയ ഫെഡറേഷന്‍ തിരഞ്ഞെടുപ്പിനു പിന്നാലെ ഡിസംബര്‍ 21നു ഭരണസമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലൈംഗികാതിക്രമ ആരോപണത്തില്‍ ഉള്‍പ്പെട്ട ബിജെപി എംപിയും ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിങ്ങാണു തിരഞ്ഞെടുപ്പില്‍ വിജയിച്ചു പ്രസിഡന്റായത്.
ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണു താരങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഫെഡറേഷന്‍ തിരഞ്ഞെടുപ്പു ദേശീയ കായിക ചട്ടങ്ങള്‍ ലംഘിച്ചാണു നടത്തിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു