ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായുള്ള മേല്‍നോട്ട സമിതിക്കെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി. ഭരണഘടനാ ബെഞ്ച് നല്‍കിയ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മേല്‍നോട്ട സമിതി ഒഴിഞ്ഞുമാറുന്നു എന്ന് ആരോപിച്ച് ആണ് ഹര്‍ജി. അണക്കെട്ടിന്റെ റൂള്‍ കെര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍ സ്‌കീം എന്നിവ തയ്യാറാക്കാന്‍ കേന്ദ്ര ജലകമ്മിഷനോട് നിര്‍ദേശിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോതമംഗലം സ്വദേശി ഡോക്ടര്‍ ജോ ജോസഫും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍കുട്ടി, ജെസ്സി മോള്‍ ജോസ് എന്നിവരുമാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. നിലവില്‍ രൂപീകരിച്ചിരിക്കുന്ന ഉപസമിതികള്‍ പിരിച്ച് വിടുകയും ഇനി ഉത്തരവാദിത്തങ്ങള്‍ ഉപസമിതികള്‍ക്ക് കൈമാറരുത് എന്ന് നിര്‍ദേശിക്കുകയും ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് വരെ അണക്കെട്ടില്‍ നടത്തിയിട്ടുള്ള അറ്റകുറ്റ പണികളുടെ വിശദശാംശങ്ങള്‍ കൈമാറാന്‍ മേല്‍നോട്ട സമിതിയോട് നിര്‍ദേശിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ജലക്കമ്മീഷന്‍ റൂള്‍ കെര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍ സ്‌കീം എന്നിവ തയ്യാറാക്കുന്നതിന്റെ ചെലവ് തമിഴ് നാട്ടില്‍ നിന്ന് ഈടാക്കണം എന്നതാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം. മേല്‍നോട്ട സമിതിക്ക് എതിരായ ഹര്‍ജി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച പരിഗണിക്കും.