എഴുത്തുകാരന്‍ ഡോ. ടി കെ രവീന്ദ്രന്‍ അന്തരിച്ചു; നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കോഴിക്കോട്: പ്രശസ്ത ചരിത്രകാരനും കവിയും നിരൂപകനും എഴുത്തുകാരനുമായ കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ ടികെ രവീന്ദ്രന്‍ (86)അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏതാനും നാളുകളായി ആശുപത്രിയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് കോങ്ങാട് ബംഗ്ലാകുന്നിലെ മകന്റെ വസതിയില്‍ നടക്കും.

ഡോ. ടി കെ രവീന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.ആധുനിക കേരള ചരിത്ര പഠനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. മികച്ച ചരിത്രാധ്യാപകന്‍ കൂടിയായിരുന്ന രവീന്ദ്രന് കവി, നിരൂപകന്‍ എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനായി.കീഴാളവിഭാഗത്തിന്റെ ചരിത്രത്തെ മുഖ്യധാരയിലെത്തിച്ച ചരിത്രകാരനെന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍ക്കപ്പെടുമെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ കവിത ബിബിസി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ പോയറ്റ് ഓഫ് മെറിറ്റ് അവാര്‍ഡ് ഉള്‍പ്പടെയുള്ള ബഹുമതികളും ലഭിച്ചിട്ടുണ്ട്. ബോംബെ യൂണിവേഴ്സിറ്റിയിലെ വില്സണ്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ എംഎയും എല്ഫിന്‍സ്റ്റണ്‍ കോളേജില്‍ നിന്ന് പിഎച്ച്ഡിയും നേടി. ന്യൂ ലോ കോളേജില്‍ നിന്ന് നിയമബിരുദവുമെടുത്തു. 1957 ല്‍ ബോംബെ നാഷണല്‍ കോളേജില്‍ ചരിത്രാധ്യാപകനായായിരുന്നു അധ്യാപകജീവിതം തുടങ്ങിയത്.

തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ട് എടമുട്ടം തണ്ടയം പറമ്ബില്‍ കുഞ്ഞുകൃഷ്ണന്റെയും കാര്‍ത്യായനിയുടെയും നാലാമത്തെ മകനായി 1932 ഒക്ടോബര്‍ 15നാണ് രവീന്ദ്രന്‍ ജനിച്ചത്. 1987 മുതല്‍ 1992 വരെയാണ് ഡോ ടികെ രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വ കലാശാലാ വൈസ് ചാന്‍സലറായിരുന്നത്. 1993 മുതല്‍ 1996 വരെ സംസ്ഥാന പിന്നാക്ക സമുദായ കമ്മിഷന്‍ അംഗമായിരുന്നു.

Top